തിരുവനന്തപുരം: തിരുവനന്തപുരം കുണ്ടമണ്‍കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. വിദ്യയെ ഭര്‍ത്താവായ പ്രശാന്ത് കൊലപ്പെടുത്തുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രശാന്ത് കുറ്റം സമ്മതിച്ചു. മദ്യലഹരിയില്‍ വിദ്യയെ താന്‍ മര്‍ദ്ദിച്ചുവെന്നാണ് പ്രശാന്ത് വ്യക്തമാക്കിയത്. തലക്കും അടിവയറ്റിനും ക്രൂരമായ മര്‍ദ്ദനമേറ്റതാണ് വിദ്യയുടെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വിദ്യ ശുചിമുറിയില്‍ വീണ് മരിച്ചെന്നായിരുന്നു ഭര്‍ത്താവ് പ്രശാന്ത് ആദ്യം പറഞ്ഞത്. പ്രശാന്തിന്റെ മൊഴിയില്‍ പോലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു.
പ്രശാന്തിന്റെ മൊഴി അവിശ്വസിച്ച വിദ്യയുടെ അച്ഛന്‍ കൊലപാതകമാണെന്ന സംശയം ഉയര്‍ത്തിയിരുന്നു. വിദ്യയെ പ്രശാന്ത് നിരന്തരം ശല്യം ചെയ്യാറുണ്ടെന്നാണ് അച്ഛന്‍ പോലീസിനെ അറിയിച്ചത്. വിദ്യയെ വീടിന്റെ ശുചിമുറിയില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. വിദ്യയുടെ അച്ഛനാണ് വിവരം പോലീസില്‍ അറിയിച്ചത്. റസിഡന്‍സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സതീശ് കുമാറിന്റെ വീട്ടിലെ രണ്ടാംനിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഒന്നര മാസം മുമ്പാണ് വിദ്യയും ഭര്‍ത്താവും രണ്ടു മക്കളും ഇവിടെ താമസം തുടങ്ങിയത്. വ്യാഴാഴ്ച്ച വൈകുന്നേരം മകന്‍ സ്‌കൂള്‍ കഴിഞ്ഞ് വന്നപ്പോള്‍ അമ്മ രക്തം വാര്‍ന്നു ക്ഷീണിതയായി കിടക്കുന്നതാണ് കണ്ടത്. വിവരം അറിഞ്ഞ് വിദ്യയുടെ അച്ഛന്‍ എത്തുമ്പോള്‍ ഭര്‍ത്താവ് പ്രശാന്ത് വിദ്യയുടെ അടുത്തിരുന്നു വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വിദ്യയുടെ മരണം സ്ഥിരീകരിച്ചു.