പന്തളം : തട്ടയിൽ ഒരിപ്പുറത്തമ്മയ്ക്കുമുൻപിൽ കരക്കാരുടെ കാഴ്ചകളൊരുങ്ങുന്നു. ഏപ്രിൽ ഒന്നിനാണ് മീനഭരണി ഉത്സവം. ഏഴ് കരകളിൽനിന്നും കരക്കാർ അണിയിച്ചൊരുക്കുന്ന വിവിധ കെട്ടുകാഴ്ചകളാണ് ഒരിപ്പുറത്ത് ക്ഷേത്രമുറ്റത്തേക്കെത്താനായി ഒരുക്കം പൂർത്തിയായിവരുന്നത്. ഇത്തവണ ഭരണിയുത്സവത്തിന്റെ തലേദിവസമായ തിങ്കളാഴ്ച വൈകിട്ടുതന്നെ വിവിധ കരകളിലെ കെട്ടുകാഴ്ചകൾ ക്ഷേത്രമൈതാനത്ത് എത്തിക്കുന്നതിനാണ് ഭരണസമിതി തീരുമാനം. നാലുമണിക്കെത്തിക്കുന്ന കെട്ടുകാഴ്ചകൾ ഭക്തർക്ക് കാണാനുള്ള സൗകര്യമുണ്ടാകും.
വൈകിട്ട് ആറിന് ശുദ്ധിക്രിയകളും എട്ടിന് ഭജനയുമുണ്ടാകും. ദേവിയുടെ തിരുനാളായ ഭരണിനാളിലാണ് വിശേഷമായ കെട്ടുകാഴ്ച പ്രദർശനം നടക്കുക. രാവിലെ 7.30-ന് കളമെഴുതിപ്പാട്ട്, 12-ന് ഓട്ടൻതുള്ളൽ, രണ്ടിന് എഴുന്നള്ളിപ്പ്, വേലകളി, മൂന്നിന് കെട്ടുകാഴ്ച പ്രദർശനം, 6.30-ന് സേവ, എട്ടിന് ഏഴംകുളത്തമ്മയ്ക്ക് എതിരേൽപ്പ്, ഒൻപതിന് കഥകളി എന്നിവയുണ്ടാകും. തേരുകൾ, കാളകൾ, ചെറിയ കെട്ടുരുപ്പടികൾ എന്നിവയാണ് ഒരിപ്പുറത്ത് കെട്ടുകാഴ്ചയിൽ പ്രധാനം. ക്ഷേത്രത്തിന് കിഴക്കും പടിഞ്ഞാറുമുള്ള കരകളിലെ കെട്ടുകാഴ്ചകളാണ് ഇരു ഭാഗത്തായി പണിപൂർത്തിയായി വരുന്നത്.