കാക്കനാട്: വൈഗയെ കൊല ചെയ്തശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്ന സനു മോഹന്റെ വാദം കെട്ടിച്ചമച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ ഇത് നാടകമായിരുന്നെന്നാണ് അന്വേഷണസംഘത്തിന് ബോധ്യമായത്. ഗോവയില്‍ നടത്തിയ തെളിവെടുപ്പിലാണ് പോലീസിന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.
ഗോവയില്‍ വെച്ച് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ടിരുന്നുവെന്നായിരുന്നു സനുവിന്റെ വാദം. മരുന്ന് വാങ്ങി എന്നുപറയുന്ന കടയെക്കുറിച്ചും ഇയാള്‍ വിവരം നല്‍കിയിരുന്നു. എന്നാല്‍ കടയില്‍ എത്തിച്ചുള്ള തെളിവെടുപ്പിനിടെ കടയുടമയെയോ ജീവനക്കാരെയോ തിരിച്ചറിയാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. നേരത്തെതന്നെ ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന സംശയത്തിലായിരുന്നു പോലീസ്. ഇതോടെ കേസില്‍ കൂടുതല്‍ ദുരൂഹത ഉയര്‍ന്നുവരുകയാണ്.
വൈഗയെ കൊലപ്പെടുത്തിയശേഷം കോയമ്പത്തൂരിലേക്ക് കടന്ന സനു ഒരു മാസത്തോളം യാത്ര ചെയ്ത സ്ഥലങ്ങളും താമസിച്ച ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. ഗോവയില്‍ ഇയാള്‍ താമസിച്ച ഹോട്ടല്‍, സന്ദര്‍ശിച്ച ചൂതാട്ട കേന്ദ്രങ്ങള്‍, ബാറുകള്‍, ബീച്ച് എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുത്തു. അവിടെനിന്ന് മുരുദേശ്വര്‍, മൂകാംബിക, കാര്‍വാര്‍ എന്നിവിടങ്ങളിലും കൊണ്ടുപോകും. 29 വരെയാണ് ഇയാളെ കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്. തെളിവെടുപ്പ് നീളുന്ന പക്ഷം ഭാര്യ ഉള്‍പ്പെടെയുള്ളവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ തല്‍ക്കാലം കഴിഞ്ഞെന്നുവരില്ല. അങ്ങനെ വന്നാല്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുന്നതും പോലീസ് പരിഗണിക്കുന്നുണ്ട്.
ആഡംബരത്തോടും ചൂതാട്ടത്തോടും അടങ്ങാത്ത ആര്‍ത്തിയായിരുന്നു സനു മോഹനെന്ന് അന്വേഷണസംഘം. ഗോവയില്‍ താമസിച്ച ദിവസങ്ങള്‍ ഇതിനായി ചെലവഴിച്ചത് പതിനായിരങ്ങള്‍ ആയിരുന്നു. ചൂതാട്ടത്തിനുമാത്രം 45,000 രൂപയിലധികമാണ് ചെലവഴിച്ചത്. സനുവുമൊത്ത് ഗോവയില്‍ നടത്തിയ തെളിവെടുപ്പിലാണ് പോലീസിന് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ശനിയാഴ്ചയായിരുന്നു സനുവിനെ ഗോവയിലെത്തിച്ച് പരിശോധന നടത്തിയത്. കാസിനോ പ്രൈഡ് എന്ന ചൂതാട്ട കേന്ദ്രത്തിലാണ് ഇയാള്‍ പ്രധാനമായും ചൂതാട്ടം നടത്തിയത്. അന്വേഷണസംഘം ഇവിടെയും സനുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. നേരത്തെ ബംഗളൂരുവില്വെച്ചും സനു ബാറുകളിലും ചൂതാട്ടകേന്ദ്രങ്ങളിലും സന്ദര്‍ശിച്ചിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു.