പന്തളം : മദ്യപിച്ചതായി മെഷീനിൽ ഫലംകണ്ടിട്ടും ഡ്യൂട്ടിചെയ്യാൻ സ്റ്റേഷൻ മാസ്റ്റർ അനുവദിച്ച കെഎസ്ആർടിസി ഡ്രൈവറെ പിന്നീട് വിജിലൻസ് വിഭാഗം ഡ്യൂട്ടിക്കിടയിൽ പിടികൂടി. പന്തളം ഡിപ്പോയിലെ കെ.എ.അനിൽകുമാറാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 6.30-ന് തിരുവല്ല ഓർഡിനറി സർവീസ് പോകാനായി എത്തി പതിവുപോലെ ബ്രത്തനലൈസർ ടെസ്റ്റിന് വിധേയനായി. 56 എംജി, 100 എംഎൽ. എന്ന് പരിശോധനാഫലം കണ്ടെങ്കിലും ഈ വിവരം മറച്ചുവെച്ച് ഡ്രൈവറെ ഡ്യൂട്ടിക്ക് പോകാൻ സ്റ്റേഷൻ മാസ്റ്റർ അനുവദിക്കുകയായിരുന്നു.
സ്റ്റേറ്റ് വിജിലൻസ് ഓഫീസറുടെ പ്രത്യേക രഹസ്യ നിർദേശപ്രകാരം കെഎസ്ആർടിസി പത്തനംതിട്ട വിജിലൻസ് ഐസി പി.ജയചന്ദ്രൻപിള്ളയും ഇൻസ്പെക്ടർ ആർ.അനൂപ് കൃഷ്ണനും രാവിലെ ഒൻപതു മണിയോടുകൂടി അടൂർ ഡിപ്പോയിലെത്തി ഡ്രൈവർ അനിൽകുമാറിനെ വീണ്ടും ടെസ്റ്റിന് വിധേയനാക്കിയപ്പോൾ പരിശോധനാഫലം 33 എംജി, 100എംഎൽ. എന്ന് കാണുകയും ഇയാളെ ഡ്യൂട്ടിയിൽനിന്നും ഒഴിവാക്കി പന്തളം ഡിപ്പോയിൽനിന്നു മറ്റൊരു ഡ്രൈവറെ വരുത്തി സർവീസ് തുടരുകയുമായിരുന്നു.