തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്ത വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്ന് 4,000 രൂപ കൈക്കൂലി വാങ്ങിയതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുത്തു. റെയിൽവേ ടിക്കറ്റുകൾ അനധികൃതമായി കൈവശം വെച്ചതിന് തമ്പാനൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നവംബർ മാസം 21നാണ് വെസ്റ്റ് ബംഗാൾ സ്വദേശിയായ ജുയെൽ ദാസിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സിജെഎം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും എടിഎം കാർഡും 1,280 രൂപയും ആർപിഎഫ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. പ്രതിയെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് നിയോഗിച്ചിരുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ വിപിനും കോൺസ്റ്റബിളായ പ്രവീൺ രാജും പ്രതിയെ കൊണ്ട് പോകുന്നതിനുള്ള ചിലവിലേക്കെന്ന് പറഞ്ഞാണ് 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
പ്രതിയെ ഭീഷണിപ്പെടുത്തി പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പ്രതിയുടെ അക്കൗണ്ടിൽ നിന്ന് തൈക്കാട് എച്ച്ഡിഎഫ്സി എടിഎം കൗണ്ടറിൽ എത്തി 4,000 രൂപ പിൻവലിപ്പിച്ച് പങ്കിട്ടെടുക്കുകയാണുണ്ടായത്. തിരുവനന്തപുരം ദക്ഷിണ മേഖല വിജിലൻസ് യൂണിറ്റ് ഫ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു.