കൊച്ചി : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഇടുക്കി മുൻ എസ്.പി. കെ.ബി. വേണുഗോപാലിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കുണ്ടന്നൂർ വികാസ് നഗറിലെ വീട്ടിലാണ് കൊച്ചിയിലെ പ്രത്യേക വിജിലൻസ് സെല്ലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകീട്ട് നാലര യോടെയാണ് അവസാനിച്ചത്. സംസ്ഥാനത്തെ വിവിധ വിജിലൻസ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ സംഘത്തിൽ ഉണ്ടായിരുന്നു.
വീട്ടിൽനിന്ന് 57 രേഖകൾ പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ട് രേഖകൾ, വസ്തു സംബന്ധമായ രേഖകൾ എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇവ പരിശോധിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കും. 2006 മുതൽ 2016 വരെയുള്ള കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് വിലയിരുത്തുന്നത്. ഈ സമയത്തെ അക്കൗണ്ട് വിവരങ്ങൾ വിജിലൻസ് പരിശോധിക്കും.
പോലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെന്ന് ആരോപണം നേരിടുന്നവരെ കുറിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യ വിവരത്തിൽ വേണുഗോപാലിന്റെ പേരും അദ്ദേഹത്തിന്റെ സ്വത്തുക്കളുടെയും വിവരങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രത്യേക സെൽ നടത്തിയ രഹസ്യ വിവര ശേഖരണത്തിനു ശേഷമാണ് റെയ്ഡ് നടത്തിയത്. പ്രത്യേക സെൽ എസ്.പി. മൊയ്തീൻകുട്ടിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി.മാരായ ടി.യു. സജീവൻ, സാജു വർഗീസ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അന്വേഷണം നേരിടുന്നയാളാണ് കെ.ബി. വേണുഗോപാൽ.