കോന്നി : കോന്നി ഗ്രാമപഞ്ചായത്തിൽ പൊതു ശ്മശാനം നിർമ്മിക്കുന്നതിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക അഴിമതിയിൽ സർക്കാർ ഉത്തരവിനെ തുടർന്ന് വിജിലൻസ് സംഘം കോന്നി ഗ്രാമ പഞ്ചായത്ത് ഭരണ പ്രതിപക്ഷ അംഗങ്ങളുടെയും വിയോജന കുറിപ്പ് രേഖപ്പെടുത്തിയ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് നിന്നും എത്തിയ വിജിലൻസ് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്നതായിരുന്നു പരിശോധന. ഒരേക്കർ രണ്ട് സെന്റ് വസ്തുവാണ് ശ്മശാനം നിർമ്മിക്കുന്നതിനായി വാങ്ങിയത്. എന്നാൽ ഇത് സർക്കാർ ചട്ടപ്രകാരമോ പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരമോ ആയിരുന്നില്ല.
സെന്റിന് പതിനായിരം രൂപ പോലും വിലയില്ലാത്ത ഭൂമിയാണ് തൊണ്ണൂറായിരം രൂപയോളം മുതൽ മുടക്കി വാങ്ങിയത്. ഇത് സംബന്ധിച്ച് സി പി ഐ അംഗം ജോയ്‌സ് എബ്രഹാം, ബി ജെ പി അംഗം സോമൻപിള്ള, കോൺഗ്രസ് അംഗം ഫൈസൽ തുടങ്ങിയവർ വിയോജനക്കുറിപ്പ് രേഖപ്പടുത്തിയിരുന്നു. 2021 – 22 വാർഷീക പദ്ധതിയിൽ പൊതു ശ്മശാനത്തിന് ഭൂമി വാങ്ങുന്നതിന് പ്രൊജക്റ്റ് ആവിഷ്കരിച്ച് അംഗീകാരം വാങ്ങുകയും ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ നിന്നും 1549500 രൂപ യാണ് പ്രൊജക്റ്റ് വകയിരുത്തിയത്. ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ അപ്രോപിയേഷൻ കൺട്രോൾ രെജിസ്റ്റർ പ്രകാരം പദ്ധതിയുടെ ഭാഗമായി 1500000 രൂപയുടെ ചെക്ക് എഴുതിയിട്ടുള്ളതായി കണ്ടെത്തി. എന്നാൽ ഈ രണ്ട് ചെക്കുകളും തികച്ചും അസ്വാഭാവികമായ സാഹചര്യത്തിൽ റദ്ദ് ചെയ്യുകയും ചെയ്‌തു.
വസ്തു വാങ്ങുന്നതിന് പഞ്ചായത്ത് പത്ര പരസ്യം നൽകി പ്രസിദ്ധപ്പെടുത്തി എന്ന് പറയുമ്പോഴും ഇതിന് രേഖകൾ ഇല്ല. വസ്തു വാങ്ങുന്നതിന് റവന്യു അധികൃതർ വാല്യൂവേഷൻ സർട്ടിഫിക്കറ്റും നൽകിയിട്ടില്ല എന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. പ്രൊജക്റ്റ് ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് ചുമതല ഉണ്ടായിരുന്ന സെക്ഷൻ ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട് എന്നിവരും ഫയൽകണ്ടിരുന്നില്ല .ഉദ്യോഗസ്ഥ തലത്തിലും ഇത് സംബന്ധിച്ച് രേഖപ്പെടുത്തിയിരുന്നില്ല. മുൻ പഞ്ചായത്ത് സെക്രട്ടറിയും മുൻ പ്രസിഡന്റും നേരിട്ടാണ് ഫയലുകൾ കൈകാര്യം ചെയ്തിരുന്നത്. മാത്രമല്ല ഭൂമി വാങ്ങുന്നത് സംബന്ധിച്ച് ലഭിക്കേണ്ട പ്രധാന സർട്ടിഫിക്കറ്റുകളും ലഭിക്കാതെ ആണ് ഭൂമി വാങ്ങിയത്. വിജിലൻസ് നടത്തിയ പരിശോധനയിൽ വിയോജന കുറിപ്പ് രേഖപ്പെടുത്തിയ പ്രതിപക്ഷ അംഗങ്ങളുടേത് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സംഘം മടങ്ങിയത്.