കോന്നി : ” മക്കളെ… ഓടി വാ”… എന്ന ഒറ്റവിളിയിൽ ആട്ടിൻകൂട്ടം ഓടി അരികിൽ എത്തും. അതാണ് പയ്യനാമൺ തേക്കുമല പുത്തൻവീട്ടിൽ വിജയനും അദേഹത്തിന്റെ ആടുകളും തമ്മിലുള്ള സ്നേഹബന്ധം. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷകാലമായി ജീവിതം തന്നെ ആടുകൾക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ആളാണ് വിജയൻ. ആടുകൾ അധികമായി കൂട്ടിൽ നിർത്താൻ സ്ഥലം തികയാതെ വന്നപ്പോൾ വീട് തന്നെ തുറന്നു നൽകി ആടുകൾക്ക് താമസിക്കാൻ. മുത്തച്ഛന്റെ കാലം മുതൽ ആട് വളർത്തൽ കണ്ടാണ് വിജയൻ വളർന്നത്. പിന്നീട് ആട് വളർത്തലിനോട് ഉള്ള അതിയായ മോഹം വിജയനെ ആടുകളുടെ നാഥാനാക്കി മാറ്റി. സാധാരണ ആളുകൾ അല്ല വിജയന്റെ കയ്യിൽ ഉള്ളത്. സിരോഹി, ഷേരാബീറ്റൽ, കരോളി, പർപ്പസാരി, ബുജിരി, അജ്മേരി തുടങ്ങി പതിനേഴോളം വിവിധ ഇനങ്ങളിൽ പെട്ട ആടുകൾ ആണ് വിജയന് ഉള്ളത്. പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വിജയൻ ആടുകളെ വാങ്ങുന്നത്. ബീറ്റൽ ആടുകളുടെ ഏറ്റവും വലിയ കേന്ദ്രങ്ങൾ ആണ് ഇവിടം. ഇവിടുത്തെ വീടുകളിൽ നിന്നും വാങ്ങുന്ന ലക്ഷണം ഒത്ത ആടുകളെ ആണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്.
ആടിന്റെ നീളം, ചെവി തുടങ്ങിയ ലക്ഷണങ്ങൾ എല്ലാം പരിശോധിച്ചാണ് ആടുകളെ നാട്ടിൽ എത്തിക്കുന്നത്. ആടുകളും വിജയനും മാത്രമാണ് വീട്ടിൽ താമസം. രാവിലെ തുടങ്ങുന്ന ആട് പരിപാലനം മാത്രമാണ് വിജയന്റെ ജീവിതം. പുല്ലും വൈക്കോലും പ്ലാവിലയും ഒക്കെയാണ് വിജയൻ ആടുകൾക്ക് നൽകുന്നത്. കൂടാതെ ഈന്തപഴവും ബദാമ്പരിപ്പും എല്ലാം നൽകും. ആയിരക്കണക്കിന് രൂപ വില വരുന്നവയാണ് ഓരോ ആടുകളും. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി ആളുകൾ ആണ് ആടുകളെ അന്വേഷിച്ച് വിജയനെ കാണുവാൻ എത്തുന്നത്. അൻപതിനായിരവും അതിന് മുകളിലും വില വരുന്ന ആടുകൾ വിജയന്റെ പക്കൽ ഉണ്ട്. അഞ്ച് ലക്ഷം രൂപ വരെ വില വരുന്ന ആടുകൾ ഇന്ത്യയിൽ ഉണ്ടെന്ന് വിജയൻ പറയുന്നു. ജനിച്ച് വീഴുന്ന ആട്ടിൻ കുട്ടികൾ മുതൽ വലിയ ആടുകളെ വരെ ഒറ്റക്കാണ് വിജയൻ പരിപാലിക്കുന്നത്. സമീപവാസികൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത വിധത്തിൽ വൃത്തിയായി ആണ് ആട്ടിൻ കൂടും പരിസരവും വിജയൻ സൂക്ഷിക്കുന്നത്. പലതരം ആടുകൾ കൈവശം ഉണ്ടെങ്കിലും ഇവയെ എല്ലാം പരിപാലിക്കാൻ ഉള്ള പണത്തിന്റെ കുറവ് വിജയനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എങ്കിലും തനിക്ക് അന്നം തരുന്ന ആടുകളെ സ്വന്തം മക്കളെ പോലെ പരിപാലിച്ച് ജീവിക്കുകയാണ് വിജയൻ എന്ന ഈ അജകർഷകൻ.