കോട്ടയം : വൈക്കം സ്വദേശിയായ ബിസിനസുകാരനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസിലെ പ്രതികളില്‍ ഒരാള്‍ പൊലീസ് പിടിയിലായി. എറണാകുളം ഞാറയ്ക്കല്‍ വൈപ്പിന്‍ പുതുവൈപ്പ് തോണി പാലത്തിനു സമീപം തുറക്കയ്ല്‍ ജസ്ലിന്‍ ജോസി ആണ് പിടിയിലായത്. വൈക്കം സ്വദേശിയായ ബിസിനസുകാരനോട് 20 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. 1.35 ലക്ഷം രൂപ കൈക്കലാക്കി. കഴിഞ്ഞ ഞായറാഴ്ച ചേര്‍ത്തലയിലെ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. കാസര്‍കോട് അമ്ബലത്തറ സ്വദേശിനി രഞ്ജിനി, കാത്തിരപ്പള്ളി കൂവപള്ളി സ്വദേശി സുബിന്‍ കൃഷ്ണന്‍, ഞാറക്കല്‍ സ്വദേശി ജോസ്ലിന്‍ എന്നിവരാണ് തട്ടിപ്പ് നടത്തിയത്.
വൈക്കത്തെ ബിസിനസുകാരനെ ഫോണിലൂടെ പരിചയപ്പെട്ട രഞ്ജിനി പ്രണയം നടിച്ചാണ് കുടുക്കിയത്. ഞായറാഴ്ച തവണക്കടവിലെത്തിയ വ്യവസായിയെ രഞ്ജിനി ചേര്‍ത്തലയിലെ ലോഡ്ജിലേക്ക് കൂട്ടി കൊണ്ടുപോയി. സുബിനും കൃഷ്ണനും പിന്നാലെ ഇവര്‍ താമസിച്ച മുറിയിലെത്തി യുവതിക്കൊപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തി. 20 ലക്ഷം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് വൈക്കത്തെ വീട്ടിലെത്തി വ്യവസായി 1.35 ലക്ഷം ഇവര്‍ക്ക് കൈമാറുകയായിരുന്നു.
കൂടുതല്‍ പണം കടം വാങ്ങിയും ഇവര്‍ക്കു നല്‍കേണ്ട സ്ഥിതിയുണ്ടാകുമെന്ന് വന്നതോടെ സുഹൃത്തുക്കളുടേയും മറ്റും പ്രേരണയാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാക്കി പണം കൈപ്പറ്റാന്‍ വെള്ളിയാഴ്ച സംഘം വൈക്കത്തെ വീട്ടിലെത്തിയപ്പോഴാണ് ജസ്ലിന്‍ പിടിയിലായത്. പോലീസിനെ കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാറില്‍ രക്ഷപ്പെട്ടു.