റാന്നി : ജൂൺ ഒന്നിന് വിദ്യാലയങ്ങൾ പൂർണതോതിൽ തുറക്കുന്ന സാഹചര്യത്തിൽ പ്രവേശനോത്സവം പൊതുജനങ്ങളെ അറിയിക്കുന്നതിനും പ്രവേശനോത്സവത്തിൽ പൊതുജനപങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി ബി.ആർ.സി യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും രക്ഷകർത്താക്കളേയും അധ്യാപകരേയും പങ്കെടുപ്പിച്ചുകൊണ്ട് വിളംബരജാഥ നടത്തി. സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റും റാന്നി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ പി.ആർ പ്രസാദ് പഞ്ചായത്ത് ഓഫീസിന് സമീപം ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർലി, വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത സുരേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സച്ചിൻ വയല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷാംജിത്ത് എം ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഷാജി എ സലാം, ഗവ.എൽ.പി.ജി.എസ് സീനിയർ അസിസ്റ്റന്റ് രാഖി റഹ്മത്ത്, സി ആർ സി കോ-ഓർഡിനേറ്റർ ബീനാമ്മ കോശി, എന്നിവർ സംസാരിച്ചു. വിളംബര ജാഥയിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെ മാസ്ക് ജനപ്രതിനിധികൾ അണിഞ്ഞത് ഏറെ കൗതുകമായി. ജനപ്രതിനിധികളും രക്ഷകർത്താക്കളും കാർട്ടൂൺ കഥാപാത്രങ്ങളാകുന്നത് നവ്യാനുഭവമായെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ജാഥയ്ക്ക് ശേഷം ഗവ.എൽ.പി.ജി.എസിൽ സ്വാഗതസംഘം അവലോകനയോഗം നടന്നു.