തിരുവനന്തപുരം: സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയ ഐ ഫോണാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ തള്ളി ക്രൈംബ്രാഞ്ച് രംഗത്തെത്തി. വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ ആണ്. കവടിയാറിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. വിനോദിനിയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നത്.
കവടിയാറിലെ കടയുടമ ഫോണ്‍ വാങ്ങിയത് സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്നാണ്. ഇതേ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പനും ഐ ഫോണ്‍ വാങ്ങിയത്. രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പര്‍ കസ്റ്റംസ് വാങ്ങിയിരുന്നു. ഇതാകാം ആശയക്കുഴപ്പത്തിന് കാരണമായതെന്ന് സംശയമുണ്ട്. സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്ന് വിനോദിനിക്ക് നല്‍കിയ അതേ മോഡല്‍ ഫോണ്‍ സ്റ്റാച്യുവിലെ കടയിലും നല്‍കിയിരുന്നു. സ്റ്റാച്യുവിലെ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പന്‍ ഐഫോണ്‍ വാങ്ങി സ്വപ്നക്ക് നല്‍കിയത്.
അതേസമയം സ്വര്‍ണക്കടത്തു കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നല്‍കിയിരുന്നു. രണ്ട് തവണ പോയിട്ടും ഇവര്‍ കൊച്ചിയില്‍ എത്തിയിരുന്നുമില്ല. കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയ 6 ഐഫോണുകളിലൊന്നില്‍ വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തലായിരുന്നു കസ്റ്റംസിന്റേത്.
സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലായിരുന്ന ജമാല്‍ അല്‍ സാബിക്കു നല്‍കിയ 1.14 ലക്ഷം രൂപയുടെ ഫോണാണിതെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ഫോണ്‍ ആവശ്യപ്പെട്ട് അല്‍ സാബി തിരിച്ചുകൊടുത്ത ഫോണില്‍, വിനോദിനിയുടെ പേരിലുള്ള സിം വന്നതെങ്ങനെയെന്നതിലാണ് അന്വേഷണം നടക്കുന്നത്. ബാക്കി 5 ഫോണുകളിലൊന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍നിന്നു കണ്ടെടുത്തിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നടന്ന നറുക്കെടുപ്പിലൂടെ മറ്റു 4 പേര്‍ക്കും ഫോണ്‍ ലഭിച്ചിരുന്നു.
ഫോണിന്റെ ഐഎംഇഐ (ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി) നമ്പര്‍ വെച്ചു നടത്തിയ അന്വേഷണമാണു വിനോദിനിയിലെത്തിയത്. യുഎഇ വീസ സ്റ്റാമ്പിംഗ് കരാര്‍ ലഭിച്ച യുഎഎഫ്‌എക്‌സ് സൊല്യൂഷന്‍സിന്റെ എംഡിയെ ഈ നമ്പറില്‍ നിന്നു നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തി. സ്വര്‍ണക്കടത്തു കേസ് വിവാദമുയര്‍ന്നതോടെ ഫോണില്‍ നിന്നു സിം മാറ്റി. ഫോണ്‍ പിന്നീട് ഉപയോഗിച്ചയാളെയും കണ്ടെത്തിയിട്ടുണ്ട്.
ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് കോഴ നല്‍കിയതായി സന്തോഷ് ഈപ്പന്റെ മൊഴിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വാങ്ങി നല്‍കിയ മൊബൈല്‍ ഫോണുകള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, അഡീഷണ്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍, പത്മനാഭ ശര്‍മ്മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍സുല്‍ ജനറലാണ് ഐഫോണ്‍ വിനോദിനിക്ക് കൈമാറിയതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. യു.എ.ഇ കോണ്‍സല്‍ ജനറലിന് ഫോണ്‍ സമ്മാനിച്ചതായി വിവരങ്ങള്‍ പുറത്തുവന്നെങ്കിലും അദ്ദേഹം അത് തിരികെ നല്‍കിയതായി പറഞ്ഞിരുന്നു.