ചെന്നൈ: പകർപ്പവകാശ നിയമം ലംഘിച്ചെന്നാരോപിച്ച് ഗുണയുടെ റീ-റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ഘനശ്യാം ഹേംദേവ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി വേൽമുരുകൻ ചിത്രത്തിന്റെ റീ-റിലാസ് താൽക്കാലികമായി തടഞ്ഞത്. പിരിമിഡ് ഓഡിയോ ഇന്ത്യയും എവർഗ്രീൻ മീഡിയയും ചേർന്നാണ് സിനിമ റീ-റിലീസ് ചെയ്യാൻ തീരുമാനിച്ചത്. കേസിൽ വിശദീകരണം നൽകാൻ ഇരു കമ്പനികൾക്കും കോടതി നോട്ടീസ് അയച്ചു. ജൂലൈ 22 നുള്ളിൽ കേസിൽ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. സിനിമകൾക്കുള്ള ധനസഹായം, നിർമാണം, പകർപ്പവകാശം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് ആണ് താൻ നടത്തുന്നതെന്നും ഗുണയടക്കമുള്ള പത്ത് തമിഴ് ചിത്രങ്ങളുടെ ഫിലിം നെഗറ്റീവിന്റെ പൂർണഅവകാശം താൻ നേടിയിട്ടുണ്ടെന്നും ഘനശ്യാം ഹോംദേവ് കോടതിൽ അറിയിച്ചു.
കമലഹാസനെ നായകനാക്കി സന്താനഭാരതി സംവിധാനം ചെയ്ത ഗുണ 1991ലാണ് പുറത്തിറങ്ങിയത്. മലയാള സിനിമ മഞ്ഞുമ്മൽ ബോയ്‌സ് ഹിറ്റായതോടെയാണ് ഗുണ വീണ്ട ചർച്ചയായത്. ഇളയരാജ ഒരുക്കിയ ‘കൺമണി അൻപോട്’ എന്ന ഗാനവും മഞ്ഞുമ്മൽ ബോയ്സിൽ ഉപയോഗിച്ചിരുന്നു. തമിഴ്നാട്ടിൽ ചിത്രം വൻവിജയം നേടിയതോടെയാണ് ‘ഗുണ’ റീ-റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ‘കൺമണി അൻപോട്’ എന്നഗാനം മഞ്ഞുമ്മൽ ബോയ്സിൽ ഉപയോഗിച്ചത് തന്റെ അനുമതിയോടെയല്ലെന്നു പറഞ്ഞ് നേരത്തേ ഇളയരാജയും രംഗത്തെത്തിയിരുന്നു.