കോന്നി : ഗതാഗത നിയമങ്ങൾ മറികടന്ന് അമിത വേഗതയിൽ സംസ്ഥാന പാതയിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിക്കുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗത്താണ് ഇപ്പോൾ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത്. കോന്നി മാമ്മൂട്, ഇളകൊള്ളൂർ എന്നിവിടങ്ങളിൽ അപകട സൂചനയുടെ ഭാഗമായി റോഡിന് നടുവിൽ മഞ്ഞ വര വരച്ചിട്ടുണ്ട് എങ്കിലും ഈ വരകൾ മുറിച്ച് കടന്നാണ് വാഹനങ്ങൾ പലപ്പോഴും സഞ്ചരിക്കുന്നത്. ഇളകൊള്ളൂരിൽ കെ എസ് ആർ റ്റി സി ഇത്തരത്തിൽ വര മുറിച്ച് കടന്നതിനെ തുടർന്ന് ഉണ്ടായ അപകടത്തിന്റെ നടുക്കം വിട്ടൊഴിയുന്നതിന് മുൻപാണ് ഇത്തരം സംഭവങ്ങൾ. കോന്നി ചൈനാ മുക്കിൽ എ ഐ ക്യമാറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൂടുതലും അപകടം നടന്നിട്ടുള്ള ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുവാനോ അപകടങ്ങൾ കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനോ അധികൃതർ തയ്യാറാകുന്നില്ല.
സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ നിരവധി അപകടങ്ങൾ ആണ് കോന്നിയിൽ നടന്നത്. ഇതിൽ നിരവധി ആളുകൾ മരണപ്പെടുകയും ചെയ്തിരുന്നു. റോഡിലൂടെ പോകുന്ന വാഹനങ്ങൾ മാത്രമല്ല കാൽ നടയാത്രക്കാർക്കും അമിത വേഗതയിൽ വരുന്ന ഇത്തരം വാഹനങ്ങൾ ഭീഷണിയാകുന്നുണ്ട്. മാസങ്ങൾക്ക് മുൻപാണ് കോന്നി പുളിമുക്കിൽ റോഡ് മുറിച്ച് കടന്ന തമിഴ്‌നാട് സ്വദേശിയെ കാർ ഇടിച്ച് തെറിപ്പിച്ച് മരണപ്പെട്ടത്. റോഡിൽ പലയിടത്തും അപകട മുന്നറിയിപ്പ് ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചെങ്കിൽ മാത്രമേ കുറച്ചെങ്കിലും അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. കോന്നി ഗതാഗത ഉപദേശക സമിതി യോഗത്തിലും താലൂക്ക് വികസന സമിതി അടക്കമുള്ള യോഗങ്ങളിലും ഈ വിഷയം പല തവണ ചർച്ചചെയ്യപെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അമിത വേഗതയിൽ എത്തുന്ന ബൈക്കുകളും കാറുകളും ആണ് ഏറ്റവും കൂടുതൽ കോന്നിയിൽ അപകടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. കൂടാതെ ഇടറോഡുകളിൽ നിന്നും പ്രധാന റോഡുകളിലേക്ക് കയറുന്ന വാഹനങ്ങളും വലിയ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്.