മൂന്നാര്‍ : സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വർധിച്ചു വരികയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി. മോശമായുള്ള സ്പര്‍ശനം പോലും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റക്യത്യമാണ്. അത്തരം സാഹചര്യങ്ങളിൽ അടുത്ത് ഇടപഴകുന്നവരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ അതിക്രമങ്ങൾ നേരിടേണ്ടി വന്നാല്‍ അത് രക്ഷിതാക്കളോടോ ബന്ധുക്കളോടോ തുറന്നു പറയാന്‍ കുട്ടികള്‍ തയ്യാറാവണം. എങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുവാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്‌കൂളിൽ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെയും സ്‌കൂളിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ തണൽ എന്ന പേരിൽ തുടങ്ങിയ പോക്‌സോ ക്ലബ്ലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ കരുത്താണ് അതിക്രമം നേരിടേണ്ടിവരുന്ന കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുന്നതോടൊപ്പം സംരക്ഷണം ഏര്‍പ്പെടുത്തുവാനും കഴിയുന്നത്. പോക്‌സോ ക്ലബ്ലുകള്‍ രൂപീകരിക്കുന്നത് വഴി കുട്ടികള്‍ക്ക് ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം ഒരുക്കുന്നതോടൊപ്പം നിയമവ്യവസ്ഥയെപ്പറ്റി ബോധവത്കരണം നടത്താനും സാധിക്കുന്നുവെന്നും ജസ്റ്റിസ് പറഞ്ഞു.