വാഷിങ്ടൺ ഡി.സി : യു എസ് സംസ്ഥാനമായ ഇല്ലിനോയിസിൽ 80കാരൻ പേവിഷബാധയേറ്റ് മരിച്ചു. 70 വർഷത്തിനിടെ ഇല്ലിനോയിസിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ പേവിഷബാധ മരണമാണിത്. ഇദ്ദേഹത്തിന്‍റെ കിടപ്പുമുറിയിൽ കണ്ടെത്തിയ വവ്വാലിൽ നിന്ന് വൈറസ് പകർന്നതായാണ് കണ്ടെത്തിയത്. ലേക് കൗണ്ടിയിലെ വീട്ടിലാണ് 80കാരൻ താമസിച്ചിരുന്നത്.
ഒരു മാസം മുമ്പ് രാവിലെ ഉറക്കമുണർന്നപ്പോൾ കിടക്കയിൽ കഴുത്തിന് സമീപത്തായി വവ്വാലിനെ കണ്ടിരുന്നു. പിന്നീട് വവ്വാലിന്‍റെ സാംപിൾ പരിശോധിച്ചപ്പോൾ പേവി ഷബാധക്ക് കാരണമാകുന്ന റാബീസ് വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ തുടർ ചികിത്സക്ക് 80കാരൻ തയാറായില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഒരു മാസത്തിന് ശേഷമാണ് ഇദ്ദേഹത്തിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
കഴുത്ത് വേദന, തലവേദന, വിരൽ മരവിപ്പ്, കൈകളുടെ നിയന്ത്രണമില്ലായ്മ, സംസാരിക്കാൻ പ്രയാസം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങൾ. പിന്നാലെ ഇദ്ദേഹം മരിക്കുകയായിരുന്നു. മരണം പേവിഷബാധയേറ്റാണെന്ന് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ (സി.ഡി.സി) സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ വീട്ടിനടുത്ത് വവ്വാലുകളുടെ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
മരണനിരക്ക് ഏറ്റവുമുയർന്ന രോഗങ്ങളിലൊന്നാണ് റാബീസ് വൈറസ് ബാധയെന്ന് ഇല്ലിനോയിസ് ആരോഗ്യ വിഭാഗം ഡയറക്ടർ ഡോ.ഗോസി എസീക് പറഞ്ഞു. എന്നാൽ പേവിഷബാധയേറ്റ ഉടനെ ചികിത്സ തേടിയാൽ ജീവൻ രക്ഷിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസിൽ ഒരു വർഷം ഒന്നു മുതൽ മൂന്ന് പേർക്ക് വരെ മാത്രമാണ് റാബീസ് വൈറസ് സ്ഥിരീകരിക്കുന്നത്. അതേസമയം 60,000ത്തോളം പേർ ആന്‍റി റാബീസ് വാക്സിൻ സ്വീകരിച്ച് ജീവൻ രക്ഷ തേടുന്നുണ്ട്. വവ്വാലുകളുമായി ഏതെങ്കിലും തരത്തിലുള്ള ഇടപഴകലിന് വിധേയമാകുന്നവർ അതിനെ സുരക്ഷിതമായി പിടികൂടി പരിശോധനക്ക് വിധേയമാക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.