മലപ്പുറം; പള്ളിപ്പുറത്തുനിന്നു കാണാതായ വിഷ്ണുജിത്തിന്റെ ഫോൺ ഓണായി. സഹോദരി വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തു. തുടർന്ന് മറുവശത്തുള്ളയാൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു. തമിഴ്നാട് കൂനൂരിലാണ് ഫോൺ ഉള്ളതെന്നാണ് ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്. ആറു ദിവസം മുൻപു കാണാതായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ (30) കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. വിവാഹത്തിന് മൂന്നു ദിവസം മുൻപാണ് വിഷ്ണുജിത്തിനെ കാണാതായത്. സെപ്റ്റംബർ 8 ആണ് വിവാഹം തീരുമാനിച്ചിരുന്നത്.
വിവാഹത്തിന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോകുകയാണെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ വിഷ്ണുവിനെ പിന്നീട് കാണാതായി. വിഷ്ണുവിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞിരുന്നു. ഒരു ചെറിയ പ്രശ്നമുണ്ട് ഉണ്ട്, പണം കൊടുത്തില്ലെങ്കിൽ സീനാണ് എന്ന് സുഹൃത്തുക്കളോട് വിഷ്ണുജിത്ത് പറഞ്ഞിരുന്നതായി സഹോദരിയും വ്യക്തമാക്കിയിരുന്നു. വിവാഹാവശ്യത്തിനായി സുഹൃത്തിൽനിന്ന് വാങ്ങിയ ഒരു ലക്ഷം രൂപയും വിഷ്ണുജിത്തിന്റെ പക്കലുണ്ട്. നേരത്തെ ഇയാൾ കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.