പത്തനംതിട്ട : വിഷുദിന പുലരിയില്‍ കണി ദര്‍ശനം ഒരുക്കി പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗാന്ധി പ്രതിമയ്ക്ക് സമീപം കോവിഡ് പോലീസ് പോയിന്റിലാണു പുലര്‍ച്ചെ 5.30 മുതല്‍ കണി ദര്‍ശനം ഒരുക്കിയത്. വലിയ ഉരുളിയില്‍ കൊന്നപ്പൂ, വാഴപ്പഴം, മാങ്ങ, ചക്ക, ചേന, മുന്തിരി തുടങ്ങിയ സാധനങ്ങളും കൈനീട്ടവും നിലവിളക്കും വച്ചാണ് വിഷുക്കണി ദര്‍ശനം ഒരുക്കിയത്.
ഡിവൈഎസ്പി സജീവ്, എസ്എച്ച്ഒ ന്യൂമാന്‍ എന്നിവര്‍ കണിദര്‍ശനം ഒരുക്കുന്നതിനു നേതൃത്വം നല്‍കി. വിഷുക്കണി പത്തനംതിട്ട പോലീസ് സ്റ്റേഷനിലും ഒരുക്കിയിരുന്നു. എസ്എച്ച്ഒ ന്യൂമാന്‍ തിരിതെളിയിക്കുകയും എല്ലാവര്‍ക്കും കൈനീട്ടം നല്‍കുകയും ചെയ്തു. വിഷുക്കണി ഒരുക്കുന്നതില്‍ പത്തനംതിട്ട സ്റ്റേഷന്‍ എസ്ഐമാരായ ജി. ശ്രീകുമാര്‍, അനീസ്, ടി.ഡി പ്രജീഷ്, എസ്സിപിഒ ചന്ദ്രബാബു, സിപിഒമാരായ പ്രകാശ്, പ്രസൂണ്‍, സുരേഷ് എന്നിവര്‍ പങ്കാളികളായി. അത്യാവശ്യ കാര്യങ്ങള്‍ക്ക് രേഖകള്‍ സഹിതം പുലര്‍ച്ചെ പുറത്തിറങ്ങിയ യാത്രികര്‍ പത്തനംതിട്ട സെട്രല്‍ ജംഗ്ഷന് സമീപം പോലീസ് ഒരുക്കിയ വിഷുകണി ദര്‍ശനം കണ്ടാണ് മടങ്ങിയത്.