ശാസ്താംകോട്ട : വിസ്മയ കേസിലെ നിയമനടപടികൾക്കായി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കത്ത് നൽകി. അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് എസ്.കിരൺ കുമാറിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ ശ്രമം.
ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നിവയ്ക്കെതിരായ വകുപ്പുകൾ ചുമത്തിയ കേസിൽ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന നിലപാടിലാണ് പോലീസ്. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കുറ്റപത്രം തയ്യാറാക്കുന്നതിനും വിചാരണയ്ക്കും സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്ന് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പോലീസ് നിലപാടെടുത്തിരുന്നു. സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ അന്വേഷണസംഘം ആഗ്രഹിക്കുന്ന അഭിഭാഷകരുടെ പട്ടിക കൈമാറും.
ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷിക്കുന്ന കേസ് ഒരാഴ്ചയ്ക്കുള്ളിൽ റൂറൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഏറ്റെടുക്കും. ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ പുരോഗതി വിലയിരുത്താൻ അടുത്ത ദിവസങ്ങളിൽ ശാസ്താംകോട്ടയിലെത്തും. കിരൺ വീഡിയോ ഗെയിം ആപ്പുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് പോലീസ് കണ്ടെത്തി. മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സഹായവും അന്വേഷണസംഘം തേടുന്നുണ്ട്. കോവിഡ് ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ നെഗറ്റീവാകുന്ന മുറയ്ക്ക് വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും.