കൊല്ലം : വിസ്മയ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത് 80 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നു എന്നത് അന്വേഷണ സംഘത്തിന് മികവാണ്. ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാവും കുറ്റപത്രം സമര്‍പ്പിക്കുക. പ്രതിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ത്തന്നെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് അറിയുന്നത്.
ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ ഒന്‍പത് വകുപ്പുകളാണ് വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. ഇയാള്‍ മാത്രമാണ് കേസിലെ പ്രതിയും. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെയാവും കുറ്റപത്രം സമര്‍പ്പിക്കുന്നത്. നൂറ്റിരണ്ട് പേരാണ് സാക്ഷി പട്ടികയില്‍ ഉള്ളത്. വിസ്മയയുടെ മരണത്തിന് തൊട്ടടുത്ത ദിവസം അറസ്റ്റിലായ കിരണ്‍കുമാര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. അടുത്തിടെ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. നേരത്തേ മൂന്നു തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു