കൊല്ലം : ചടയമംഗലം നിലമേല്‍ കൈതോട് സ്വദേശി വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയുടെ മരണം കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണസംഘം സമര്‍പ്പിച്ചത് 500 പേജുകളുള്ള കുറ്റപത്രം. 102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതല്‍, ഡിജിറ്റല്‍ തെളിവുകള്‍ തുടങ്ങിയവ സമര്‍പ്പിച്ചു.
ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് പറഞ്ഞിരിക്കുന്നത്.
വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ സ്ത്രീധന പീഡനം, സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ഉള്‍പ്പെടെ ഒമ്ബത് വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. വിസ്മയയെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദന്‍, വിസ്മയയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 102 സാക്ഷിമൊഴികള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
56 തൊണ്ടിമുതല്‍ കോടതിക്ക് മുന്നില്‍ എത്തും. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്‌സ്‌ആപ്പ് സന്ദേശങ്ങളാണ് കേസിലെ പ്രധാന ഡിജിറ്റല്‍ തെളിവുകള്‍. മരിക്കുന്നതിന് തൊട്ടുമുമ്ബ് വരെ വിസ്മയ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ കിരണ്‍ 80 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. പ്രതിയ്ക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനായി പോലീസ് അതിവേഗം കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഇതിനിടെ 3 തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണിനെ സര്‍ക്കാര്‍ ജോലിയില്‍നിന്നും പിരിച്ചു വിട്ടിരുന്നു. പോരുവഴി ശാസ്താംനടയിലെ ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞ ജൂണ്‍ 21നു പുലര്‍ച്ചെയാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.