റാന്നി: ലഹരി വിരുദ്ധ പ്രചാരണത്തിനു വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമൊരുക്കി എണ്ണൂറാംവയൽ സി. എം. എസ്. എൽ. പി. സ്കൂൾ. അരുത്.. ബ്രോ… ചടുലമായ ചുവടുകളിലൂടെയും ഹൃദയസ്പർശിയായ ഭാവങ്ങളിലൂടെയും കുരുന്നുകൾ കേണപേക്ഷിക്കുകയാണ്. ലഹരിയുടെ തീ നാളെങ്ങളിലേക്ക് ഈയാം പാറ്റകളെപ്പോലെ പറന്നടുത്ത് ചിറക് കരിഞ്ഞു തളർന്നു വീഴാനുള്ളതല്ല നമ്മുടെ ജീവിതം.അരുത് ബ്രോ ലഹരി വസ്തുക്കൾ ഉപയോഗിക്കരുത് ഉപയോഗിക്കാൻ അനുവദിക്കരുത്. ശ്രോതാക്കളുടെ നെഞ്ചിൽ കുത്തിയിറങ്ങുന്ന ആശയങ്ങളുടെ ആവിഷ്കാരവുമായാണ് സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ പങ്കാളികളായത്.
കുട്ടികളൊരുക്കിയ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും ഏറെ ശ്രദ്ധേയമായി. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി. എം. എസ്. എൽ. പി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമൊരുക്കിയത്. 50 കുട്ടികളാണ് അവതരണത്തിൽ പങ്കെടുത്തത്. വെച്ചൂച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമവതരിപ്പിച്ചു. വെച്ചൂച്ചിറ ചന്ത, കവല, കൂത്താട്ടുകുളം, ചാത്തൻതറ തുടങ്ങിയ കേന്ദ്രങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പൊതുജനങ്ങളുമുൾപ്പെടെ നൂറു കണക്കിനാളുകൾ പരിപാടി കാണുന്നതിനെത്തിയിരുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റാന്നി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ റോസമ്മ രാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജി വിജയകുമാർ,ഷാജി കൈപ്പുഴ,നഹാസ് പ്ലാമ്മൂട്ടിൽ,എം ജെ ജിനു,വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി. സ്കറിയ,പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,എസ്.ഐ സായി സേനൻ,ജന മൈത്രി പോലീസ് ബീറ്റ് ഓഫിസർ ശ്യാം മോഹൻ,ബീറ്റ് ഓഫിസർ നിവാസ്,ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സി.കെ ബിജുമോൻ,പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ,മദർ പി ടി എ പ്രസിഡന്റ് ഷൈനി ബോസ്, സജിമോൻ കടയനിക്കാട്, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ചു.
മദ്യം, മയക്കു മരുന്ന് ഇവയിലേക്ക് വല വീശുന്ന ചതിക്കുഴികളും ഇവയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളും പ്രമേയമാക്കിയ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും അണിയിച്ചൊരുക്കിയത് സ്കൂളിലെ അധ്യാപകനായ എം. ജെ. ബിബിന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ്. അരുത് ബ്രോ എന്ന പേരിൽ 15 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു ലഹരി വിരുദ്ധ സന്ദേശം പകരുന്ന വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും.