തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യഘട്ട കമ്മീഷനിങ്ങിന് തയ്യാറെടുക്കുമ്പോൾ വികസനത്തിന് പുതിയ വഴി തുറക്കുന്നതാകും ഭൂഗർഭ റെയിൽപാത. സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതോടെ 2028ൽ ഭൂഗർഭ പാതയും യാഥാർത്ഥ്യമാകും. വിഴിഞ്ഞം മുതൽ ബാലരാമപുരം റെയിൽ സ്റ്റേഷൻ വരെ നീളുന്ന ഭൂഗർഭപാതക്ക് 1483 കോടി രൂപയാണ് പദ്ധതി ചെലവ്. സമയം ലഭിച്ചാൽ ഉടൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ട കമ്മീഷനിങ് നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
അതിനിടെയാണ് അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ പതയുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭപാതക്ക് കൂടി സർക്കാർ അനുമതി നൽകിയത്. വിഴിഞ്ഞത്തെയും ബാലരാമപുരം റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്നതാണ് കണക്റ്റിവിറ്റി റെയിൽ പാത. 10.7 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 9.02 കിലോമീറ്റർ ഭൂഗർഭപാതയാണ്.