തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉമ്മൻചാണ്ടിയുടേതല്ലെന്ന് മന്ത്രി വി.എൻ വാസവൻ. പദ്ധതിയുടെ പിതൃത്വം ഉമ്മൻ ചാണ്ടിക്കാണെന്ന എം.വിൻസെന്റിന്റെ പരാമർശത്തോട് ചോദ്യോത്തരവേളയിലാണ് മന്ത്രി വിയോജിച്ചത്.ഇ.കെ നായനാർ സർക്കാരിന്റെ കാലത്തെ കുമാർ കമ്മിറ്റിയാണ് ആദ്യപഠനം നടത്തിയത്. തൊട്ടടുത്ത എ.കെ ആന്റണി സർക്കാർ ടെൻഡർ നടപടികളുമായി മുന്നോട്ടുപോയി. ചൈനീസ് കമ്പനിയാണ് ടെൻഡറിൽ പങ്കെടുത്തത്. പദ്ധതി മുന്നോട്ട് പോകാൻ സർക്കാർ അനുമതി നൽകിയില്ല. തുടർന്നുവന്ന വി.എസ് മന്ത്രിസഭയിൽ തുറമുഖവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എം.വിജയകുമാർ പദ്ധതി പുനരുജ്ജീവിപ്പിച്ചു. ആന്ധ്രാ കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്. പക്ഷേ, കോടതി നടപടികളെത്തുടർന്ന് ഉപേക്ഷിച്ചു.
പിന്നീടുവന്ന ഉമ്മൻ ചാണ്ടി അദാനിയുമായി കരാറിലേർപ്പെട്ടു. തുടർന്നെത്തിയ പിണറായി സർക്കാരാണ് നിർമാണ പ്രവൃത്തികളിൽ 80 ശതമാനവും പൂർത്തിയാക്കിയത്. ഈ പദ്ധതിയാണ് 12ന് മദർഷിപ്പ് എത്തുന്നതോടെ യാഥാർത്ഥ്യമാകുന്നത്. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ലെന്ന വിൻസെന്റിന്റെ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.