തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുകൊണ്ടുള്ള മത്സ്യത്തൊഴിലാളികളുടെ സമരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ പ്രതിഷേധം കടുപ്പിച്ച് സമരക്കാര്‍. ബാരിക്കേട് മറികടന്ന് മുന്നോട്ട് നീങ്ങാനുള്ള ശ്രമത്തിനിടെ പോലീസിന് വിശ്രമിക്കാനൊരുക്കിയ താത്കാലിക ഷെഡ് സമരക്കാര്‍ മറിച്ചിട്ടു. ബാരിക്കേട് ഷെഡിനു മുകളിലേക്ക് മറിഞ്ഞുവീണതോടെയാണ് ഇരുമ്ബും ഷീറ്റുകളും ഉപയോഗിച്ച് നിര്‍മിച്ച ഷെഡ് തകര്‍ന്നു വീണത്. വിഴിഞ്ഞം പോര്‍ട്ടിനു മുന്നിലെ നോട്ടീസ് ബോര്‍ഡും മറിഞ്ഞു വീണു.
ബാരിക്കേട് മറിച്ചിട്ടെങ്കിലും സമരക്കാര്‍ പോലീസിന്റെ പ്രതിരോധം മറികടന്ന് മുന്നോട്ട് പോയിട്ടില്ല. മുന്‍നിരയിലുള്ള സമരക്കാരെ അനുനയിപ്പിക്കാണ് കഠിന പരിശ്രമത്തിലാണ് പോലീസ്. 31ാം തീയതി വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. തിങ്കളാഴ്ച കരമാര്‍ഗവും, കടല്‍മാര്‍ഗവും തുറമുഖ നിര്‍മ്മാണം തടസപ്പെടുത്താനാണ് നീക്കം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം ഉറപ്പാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.