തിരുവനന്തപുരം: ഉന്നത സൈനിക മേധാവികളെത്തി ഡിജിപിയോട് വിവരങ്ങള്‍ ആരാഞ്ഞു. വിഴിഞ്ഞം സമരത്തിനെ നേരിടാന്‍ കേന്ദ്ര സേനകള്‍ എത്തുന്നു സമരം ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടപടികളെടുത്ത് തുടങ്ങിയിരുന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നൂറാം ദിവസത്തെ സമരം അക്രമാസക്തമായതോടെയാണ് പോലീസ് നടപടികള്‍ കടുപ്പിച്ചത്. ഇതുവരെ 102 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഇതിനിടെയാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ കേന്ദ്ര സേനയുടെ ഇടപെടല്‍ വരുന്നത്. അദാനിയാണ് തുറമുഖ നിര്‍മ്മാണം നടത്തുന്നത്. തുറമുഖ നിര്‍മ്മാണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു നടപടികള്‍ സുഗമമാക്കാന്‍ കേന്ദ്ര സേനയുടെ സഹായം തേടാം എന്ന്. ഇതേ തുടര്‍ന്നാണ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ഉന്നത സൈനിക മേധാവികളെത്തി ഡിജിപിയോട് വിവരങ്ങള്‍ ആരാഞ്ഞത്. കേരളാ പോലീസിന് സുരക്ഷയൊരുക്കാന്‍ കഴിയുന്നതുമില്ല. മാസങ്ങളായി തുറമുഖ നിര്‍മ്മാണം നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര സേന ഇടപെടല്‍ നടത്തുന്നത്. താമസിയാതെ വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം കേന്ദ്ര സേന ഏറ്റെടുത്തേക്കും. കരയില്‍ നിന്നും കടലില്‍ നിന്നും പ്രതിഷേധമുണ്ട്. അതിനാല്‍ നേവിയും സുരക്ഷയൊരുക്കാന്‍ എത്തുമെന്നാണ് സൂചന.
കേരളത്തിലേയും ഡല്‍ഹിയിലേയും പ്രധാന ഉദ്യോഗസ്ഥര്‍ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കേരളാ പോലീസിനെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നടപടിയാകും കേന്ദ്ര സേന എടുക്കുന്നത്. വിഴിഞ്ഞം സമരം പോലീസിനും പ്രതിസന്ധിയിലാണ്. തൃശൂര്‍ വരെയുള്ള പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് സമരക്കാരെ നേരിടാനുള്ള പോലീസിനെ നിയോഗിച്ചിരിക്കുന്നത്. ഇത് സ്റ്റേഷനുകളുടേയും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
ക്യാമ്പിലെ പോലീസുകാരെ നിയോഗിച്ചാല്‍ സംഘര്‍ഷ സാധ്യത ഉയരുമെന്ന തിരിച്ചറിവിലാണ് പരിചയ സമ്പന്നരായ സ്റ്റേഷന്‍ ഡ്യൂട്ടി ചെയ്യുന്നവരെ വിഴിഞ്ഞത്തേക്ക് മാറ്റിയത്. അതുകൊണ്ട് തന്നെ സമരക്കാരുടെ പ്രകോപനങ്ങള്‍ പോലും വലിയ സംഘര്‍ഷമായില്ല. എന്നാല്‍ പോലീസ് സ്റ്റേഷനുകളെ ആളൊഴിഞ്ഞ ഇടങ്ങളാക്കിയാല്‍ മറ്റ് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകും. ഇത് മനസ്സിലാക്കിയാണ് കേന്ദ്ര സേനയെ വിഴിഞ്ഞം ഏല്‍പ്പിക്കാമെന്ന പൊതു ധാരണ പോലീസിനുള്ളില്‍ രൂപപ്പെടുന്നത്. സര്‍ക്കാരും കേന്ദ്ര സേനയെ എല്‍പ്പിക്കാന്‍ ഒരുക്കമാണ്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തിക്കൊണ്ടുള്ള സമരം രാജ്യവിരുദ്ധമാണെന്നും നിര്‍മ്മാണം നിറുത്തിവെയ്ക്കുന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്നും മന്ത്രി വി.അബ്ദു റഹ്‌മാന്‍ ആരോപിച്ചിരുന്നു. രാജ്യ താത്പര്യത്തെ എതിര്‍ക്കുന്ന സമരം പാടില്ല. തുറമുഖ നിര്‍മ്മാണം നിറുത്തിവച്ചു കൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാദ്ധ്യതകളാണുള്ളത്. 2015ല്‍ കാരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പു തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിയില്‍ ഉള്ളവരുടെ അറിവോടെയാണ് കരാറില്‍ ഏര്‍പ്പെട്ടത്. തുറമുഖ നിര്‍മ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു. ഇതിന് ആര് സമാധാനം പറയുമെന്ന് സമരസമിതി പറയണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് പോലീസ് നടപടികളും തുടങ്ങിയത്. പൊതുമുതല്‍ നശിപ്പിക്കുക, സംഘം ചേരല്‍, സഞ്ചാര സ്വാതന്ത്ര്യം തടയുക, പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുക, മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുക തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. 102 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പുറമേ കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
സമരത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയ വാഹനങ്ങള്‍ക്കെതിരെയും പോലീസ് നോട്ടീസ് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. പോലീസ് നടപടികള്‍ കടുപ്പിച്ചതോടെ പ്രതിഷേധക്കാര്‍ പലരും പിന്‍വലിയാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് കേന്ദ്ര സേനയും ഡിജിപി ഓഫീസില്‍ എത്തുന്നത്. വിഴിഞ്ഞം സമരത്തിനെതിരെ സമരം നടത്തുന്ന ജനകീയ കൂട്ടായ്മ പോലീസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.
പോലീസ് സമരക്കാരെ സഹായിക്കുകയാണെന്നും ഹൈക്കോടതി വിധി നടപ്പാക്കാന്‍ മടിക്കുകയാണെന്നുമെല്ലാം അവര്‍ ആരോപിക്കുന്നു. വിഴിഞ്ഞം സമരം നീണ്ടുപോകുന്നതില്‍ പോലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം പടരുന്നുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് മന്ത്രി വി.അബ്ദു റഹ്‌മാന്‍ കടുത്ത ആരോപണവുമായി രംഗത്തു വന്നത്. സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. കോടതിയില്‍ നിന്ന് അന്തിമ വിധി വന്നാല്‍ അതിനനുസരിച്ച് നടപടിയെടുക്കാം.
മത്സ്യത്തൊഴിലാളികള്‍ക്ക് 25 രൂപ മണ്ണെണ്ണ സബ്‌സിഡി ഇപ്പോള്‍ നല്‍കുന്നുണ്ട്. മണ്ണെണ്ണ എന്‍ജിന് പകരം മറ്റ് എന്‍ജിനുകളിലേക്ക് മാറുകയാണ് നല്ലത്. പെട്രോള്‍ എന്‍ജിന്‍ ആക്കുന്നതിന് സബ്സിഡി നല്‍കാമെന്ന് സര്‍ക്കാര്‍ ഏറ്റിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. മുട്ടത്തറയില്‍ മാത്രം 300 വീടുകള്‍ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. ആകെ 500 വീടുകള്‍ പണിയുമെന്നും മന്ത്രി വിശദീകരിച്ചു കഴിഞ്ഞു.
വിഴിഞ്ഞത്തെ 180 കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു. സമരം രാജ്യവിരുദ്ധമാണെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പ്രതികരിച്ചിരുന്നു. മന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അത് മന്ത്രിസഭയുടെ അഭിപ്രായം ആണോ എന്നറിയില്ല. സര്‍ക്കാരുമായി ഇനിയും ചര്‍ച്ചകള്‍ നടക്കും. മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പെരേര ആവശ്യപ്പെട്ടിരുന്നു.
വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്നാണ് പോലീസ് നിലപാട്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സമരക്കാരെ ബലമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും. മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാന്‍ ആകില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.