കൊച്ചി : വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സമരക്കാര്‍ക്ക് പദ്ധതി തടസ്സപ്പെടുത്താതെ സമാധാനപരമായി സമരം ചെയ്യാമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം.
മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാല്‍ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. പ്രതിഷേധം നിയമത്തിന്റെ പരിധിയില്‍ നിന്നാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി, പ്രതിഷേധമുള്ളത് കൊണ്ട് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കാന്‍ ആകില്ലെന്നും അറിയിച്ചു.