കൊച്ചി : പീഡനപരാതിയില്‍ ഒളിവിലായിരുന്ന വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ സ്റ്റേഷനില്‍ ഹാജരായി. രാവിലെ അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ ഹാജരായത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ശ്രീകാന്ത് വെട്ടിയാര്‍ പോലിസിന് മുമ്പില്‍ ഹാജരായത്. കേസില്‍ ഇയാള്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കും.
സുഹൃത്തായ യുവതിയെ ബലാത്സംഗം ചെയ്തു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ചും ഹോട്ടലില്‍ വെച്ചും ഇയാള്‍ ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീകാന്ത് വെട്ടിയാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചത്.