പാലക്കാട്: വ്ലോഗർ വിക്കി തഗ് അറസ്റ്റിൽ. ആയുധം കൈവശം വെച്ച കേസിലാണ് വിക്കി തഗ് പിടിയിലായത്. പാലക്കാട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. 2022ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് ചന്ദ്രനഗറില്‍ എക്‌സൈസ് സംഘത്തിന്‍റെ പരിശോധനയിലാണ് കാറില്‍നിന്ന് 20 ഗ്രാം മെത്താഫിറ്റമിനും കത്തി, തോക്ക് എന്നിവയുമായി വിക്കിയെയും കൂട്ടുകാരനെയും അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് കേസില്‍ ഇരുവര്‍ക്കും ജാമ്യം കിട്ടി. ആയുധം കൈവശം വച്ചതിന് കസബ പോലീസ് എടുത്ത കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയെങ്കിലും ജാമ്യം നിരസിച്ചിരുന്നു. ഇതോടെ പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ പോവുകയായിരുന്നു.
ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു എന്ന വിക്കി തഗ് യുട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു. ബെംഗലുരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനും തോക്കും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളുമായി ഇയാളെയും സുഹൃത്തും നിയമ വിദ്യാര്‍ത്ഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും എക്സൈസ് പിടികൂടിയത്. ഡാഷ് ബോര്‍ഡില്‍ നിന്ന് ആയുധങ്ങളും ഗിയര്‍ ലിവറിന് താഴെ നിന്ന് ലഹരി മരുന്നുമാണ് കണ്ടെത്തിയത്. ലഹരി ഇല്ലാതെ ഒരു ദിവസം പോലും ജീവിക്കാനാവില്ലെന്ന് ഇയാള്‍ പല വേദികളിലും പറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ താരമായതിന് പിന്നാലെ നിരവധി ഉദ്ഘാടന പരിപാടികളിലെ സാന്നിധ്യമായിരുന്നു വിഘ്നേശ്. വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ എക്സൈസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാളയാര്‍ ടോള്‍ പ്ലാസയിലെ ഡിവൈഡര്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ കടന്നുപോയത്.