തിരുവനന്തപുരം : പാര്‍ട്ടിയുടെ സ്വന്തം തട്ടകമായ കോട്ടയത്ത് നിന്ന് ഇക്കുറി കേരള കോണ്‍ഗ്രസിന് മന്ത്രിമാരില്ല. രണ്ടാം പിണറായി സര്‍ക്കാരില്‍ ഇടംപിടിച്ച പാര്‍ട്ടി മന്ത്രി ഇടുക്കിയില്‍ നിന്നാണ്, റോഷി അഗസ്റ്റിന്‍. എന്നാല്‍ 20 വര്‍ഷത്തിന് ശേഷം സിപിഎമ്മിന് ജില്ലയില്‍ നിന്നും വീണ്ടുമൊരു മന്ത്രി ഉണ്ടായിരിക്കുകയാണ്. ഏറ്റുമാനൂരില്‍ നിന്നും വിജയിച്ച വി.എന്‍ വാസവന്‍.
1996 ല്‍ ഇകെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ടികെ രാമകൃഷ്ണനായിരുന്നു സിപിഎമ്മില്‍ നിന്നും ഏറ്റവും ഒടുവില്‍ മന്ത്രിയായ കോട്ടയം ജില്ലക്കാരന്‍. 2006 ലും 2016 ലും ഇടതുപക്ഷം ഭരണം നേടിയെങ്കിലും സിപിഎമ്മില്‍ നിന്ന് മന്ത്രിമാരുണ്ടായിരുന്നില്ല.
കഴിഞ്ഞ തവണ ഏറ്റുമാനൂരില്‍ നിന്നും വിജയിച്ച സുരേഷ് കുറുപ്പ് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്ന തരത്തില്‍ അവസാന വട്ടം വരെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പരിഗണിച്ചില്ല. ഇത്തവണ പാര്‍ട്ടിയുടെ ജില്ലയിലെ ജനകീയ മുഖമായ വിഎന്‍ വാസവന് ആ അവസരം ലഭിച്ചിരിക്കുകയാണ്. 2006 ല്‍ കോട്ടയം എംഎല്‍എയായിരുന്ന വാസവന്‍ നിയമസഭയില്‍ എത്തുന്നത് ഇത് രണ്ടാം വട്ടമാണ്. ഏറ്റുമാനൂരില്‍ നിന്നും 14,303 വോട്ടുകള്‍ക്കാണ് വാസവന്‍ വിജയിച്ചത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയം മുന്‍ ജില്ലാ സെക്രട്ടറിയുമാണ് വിഎന്‍ വാസവന്‍. എസ്‌എഫ്‌ഐയിലൂടെയാണ് വിഎന്‍ വാസവന്‍ പൊതുരംഗത്തേക്ക് കടന്ന് വന്നത്. 1991 മുതല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും 1997 മുതല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു.
1987 ലാണ് ആദ്യമായി വാസവന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയായിരുന്നു പോരാട്ടം. എന്നാല്‍ പരാജയപ്പെട്ടു. 91 ലും മത്സരിച്ചെങ്കിലും പരാജയം തന്നെയായിരുന്നു ഫലം. 2006 ല്‍ കോട്ടയത്ത് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിഐടിയു വര്‍ക്കിംഗ് കമ്മിറ്റി അംഗം, റബ്കോ ചെയര്‍മാന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, കാലടി സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1954 ല്‍ മാട്ടക്കരയില്‍ നാരായണന്റെയും കാര്‍ത്ത്യാനിയുടേയും മകനായാണ് വാസവന്റെ ജനനം. ഗീതയാണ് ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്.