തിരുവനന്തപുരം : കന്നി വോട്ടുകാരിക്ക് 18 വോട്ടുകള്‍. കണ്ണും തള്ളി സാന്ദ്രയും സ്ഥാനാര്‍ത്ഥികളും. ഇരട്ടവോട്ടിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും വോട്ടര്‍ പട്ടികയിലുള്ളത് ഗുരുതരവും വിചിത്രവുമായ പിഴവുകള്‍. തിരുവനന്തപുരം മണ്ഡലത്തിലെ കന്നി വോട്ടറുടെ പേരില്‍ അതേ മണ്ഡലത്തില്‍ തന്നെ പതിനെട്ട് വോട്ടുകള്‍. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ വോട്ടുകള്‍ ആവര്‍ത്തിച്ചത് എങ്ങിനെയെന്ന് കൗമാരിക്കാര്‍ക്കും കുടുംബത്തിനും അറിയില്ല.
വി.എസ്.ശിവകുമാറും ആന്റണി രാജുവും ജി.കൃഷ്ണകുമാറും തമ്മില്‍ ഇഞ്ചോട് ഇഞ്ച് പൊരുതുന്ന മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലാണ് വളരെ ഗുരുതരമായ തെറ്റ് ഉണ്ടായിരിക്കുന്നത്. വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ തലയ്ക്ക് കൈവെച്ചിരിപ്പാണ്. സാന്ദ്രാ എസ്. പെരേര എന്ന പെണ്‍കുട്ടിയുടെ പേരും മുഖവുമാണ് വോട്ടര്‍പട്ടിക നിറയെ. ബൂത്ത് നമ്പര്‍ 30ലും 22ലും 25ലും 130ലും 134ലും 129ലുമെല്ലാമുണ്ട്. അങ്ങിനെ ഒരേ പേരില്‍ ഒരേ ചിത്രത്തോടെ പല ബൂത്തിലായി പതിനെട്ട് വോട്ട്. വലിയതുറ സ്വദേശിയും നഴ്‌സിങ് വിദ്യാര്‍ഥിയുമായ 19 കാരി. കന്നിവോട്ട് സ്വപ്നത്തോടെ അഞ്ച് മാസം മുമ്പ് മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയതാണ്.
മറ്റൊന്നും അവര്‍ക്കറിയില്ല. പ്രത്യേക രാഷ്ട്രീയ ആഭിമുഖ്യമൊന്നുമില്ലാത്ത കുടുംബമാണെന്നും ഫോട്ടോയോ രേഖകളോ പുറത്താര്‍ക്കും നല്‍കിയിട്ടില്ലന്നും പറയുന്നു. അപേക്ഷ നല്‍കിയപ്പോളും ആവര്‍ത്തിച്ച് നല്‍കിയിട്ടില്ല. കൂടെ അപേക്ഷിച്ച സഹോദരിയുടെ പേര് ഇങ്ങിനെ ആവര്‍ത്തിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ വോട്ട് ആവര്‍ത്തിച്ചത് എങ്ങിനെയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ പതിനെട്ടിടത്ത് പേരുണ്ടങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡാണ് സാന്ദ്രക്ക് നല്‍കിയിട്ടുള്ളതെന്നും ആ മേല്‍വിലാസത്തിലെ വോട്ട് മാത്രം നിലനിര്‍ത്തി മറ്റെല്ലാം റദ്ദാക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.