പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2015 -ലെ വോട്ടർ പട്ടിക ഉപയോഗിക്കുവാനുള്ള വിജ്ഞാപനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽപട്ടികയിൽ പേരുള്ള പ്രവാസികൾ അടക്കമുള്ള ലക്ഷക്കണണക്കിന് വോട്ടർമാർക്ക് വളരെ ഏറെ ക്ലേശം സൃഷ്ടിക്കുന്ന തീരുമാനം ഏതാനും ചില ഉദ്യോഗസ്ഥരുടേയും സംസ്ഥാന സർക്കാരിന്റേയും സ്വാർത്ഥ താല്പര്യത്തിനായിട്ടാണെന്നും ലക്ഷക്കണക്കിന് വോട്ടർമാരുടെ അസൗകര്യം കണക്കിലെടുത്ത് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിക്കുവാനുളള അപ്പീൽ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സാമുവൽ കിഴക്കുപുറം കുറ്റപ്പെടുത്തി. വോട്ടർ പട്ടിക സംബന്ധിച്ച ഹൈക്കോടതി നിർദ്ദേശം അനുസരിക്കുമെന്ന് പ്രതികരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സംസ്ഥാന സർക്കാരും സാങ്കേതിക കാരണങ്ങൾ നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാനും നീട്ടിവയ്പിക്കുവാനുമാണ് ശ്രമിക്കുന്നതെന്നും ഇത് ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടികയിൽ പേരുള്ള നാട്ടിലുള്ള പ്രവാസികൾക്ക് വോട്ട് ചെയ്യുവാൻ അവസരം ലഭിച്ചതോടെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനായി ആയിരക്കണക്കിന് പ്രവാസികൾ നടപടിക്രമങ്ങൾ പുർത്തികരിച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടെന്നും ഇവർ ഉൾപ്പെടെ പട്ടികയിൽ പേരുള്ളവർ വീണ്ടും പേര് ചേർക്കുവാൻ ശഠിക്കുന്നത് ക്രൂരമാമായ നടപടി ആണെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികൾക്കും നിയമ നടപടികൾക്കും നേതൃത്വം നല്കുമെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ 2019 ലെ വോട്ടർ പട്ടികക്കായി ഹൈക്കോടതിയിൽ കേസ് നടത്തി യു.ഡി.എഫ് നേതൃത്വത്തേയും കെ.പി.സി.സി യേയും പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സർക്കാരിന്റേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും ജനവിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സാമുവൽ കിഴക്കുപുറം നേതൃത്വത്തോട് അഭ്യർത്ഥിച്ചു.