പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സുരക്ഷിതവും സുതാര്യവുമാക്കി വീട്ടിലെത്തി വോട്ട്. 16 മുതല്‍ ആരംഭിക്കുന്ന വീട്ടില്‍ വോട്ട് പ്രക്രിയയില്‍ വോട്ട് സുരക്ഷിതമാക്കുന്നതിനായി ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അസന്നിഹിത വോട്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്ന വോട്ടുകള്‍ ശേഖരിച്ചിരുന്നത് സഞ്ചികളിലായിരുന്നു. ഇത്തവണ വോട്ടുകള്‍ ശേഖരിക്കുന്നത് സീല്‍ ചെയ്ത ബാലറ്റ് പെട്ടികളിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച സമയത്തിനുള്ളില്‍ അപേക്ഷിച്ച ഭിന്നശേഷിക്കാര്‍ക്കും 85 വയസിനു മുകളിലുള്ളവര്‍ക്കുമാണ് ഹോം വോട്ടിംഗ് സൗകര്യം ലഭ്യമാകുന്നത്. ഇത്തരത്തില്‍ വീടുകളില്‍ രേഖപ്പെടുത്തുന്ന വോട്ട് അതത് നിയോജകമണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേര്‍ണിംഗ് ഓഫീസര്‍മാരുടെ സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കും. തുടര്‍ന്ന് വോട്ടെണ്ണലിന് മുന്‍പ് ഇവ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റും.
ജില്ലയില്‍ വിവിധ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 127 ടീമുകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഒരു മൈക്രോ ഒബ്‌സര്‍വര്‍, രണ്ടു പോളിങ് ഓഫീസര്‍മാര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ആവശ്യമെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും സംഘത്തെ അനുഗമിക്കും. സുതാര്യത ഉറപ്പുവരുത്താന്‍ സ്ഥാനാര്‍ഥികളുടെ ബൂത്ത്‌ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തിനൊപ്പം ചേരാം. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ. വഴിയോ അറിയിക്കും. ഈ സമയം വോട്ടര്‍ വീട്ടിലില്ലെങ്കില്‍ മറ്റൊരു അവസരംകൂടി നല്‍കും. കാഴ്ച പരിമിതര്‍ക്കും ചലനശേഷിയില്ലാത്തവര്‍ക്കും വോട്ടുചെയ്യാന്‍ സഹായിയെ അനുവദിക്കും.