മലപ്പുറo : മദ്രസ്സ ഉദ്ഘാടന വേദിയിൽ പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ വിപി റജീന. ആയിരക്കണക്കിന് വേദികള്‍ നമുക്കായി കാത്ത് നില്‍ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ എന്തിന് വിലക്കപ്പെട്ട വേദികളില്‍ പോകണമെന്നാണ് റജീന ചോദിക്കുന്നത്. മുസ്ലീം പെണ്‍കുട്ടി സ്റ്റേജില്‍ വരാന്‍ പാടില്ല എന്ന് ഒരു മൊയ്ല്യാര് പറഞ്ഞാല്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ഡി വൈ എഫ് ഐ നേതാവ് കൂട്ടിച്ചേര്‍ക്കുന്നു. റജീനയുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ.
എട്ട് വര്‍ഷമാണ് മദ്റസയില്‍ പഠിച്ചത്. മഞ്ചേരി പാലക്കുളം നൂറുല്‍ ഇസ്ലാം മദ്റസയിലാണ് പഠിച്ചത്. സ്ക്കൂളില്‍ ഒരു വിഭാഗം കുട്ടികള്‍ക്കാണ് അന്നൊക്കെ സ്ക്കൂള്‍ കലോല്‍സവങ്ങളിലൊക്കെ സജീവമായി പങ്കെടുക്കാന്‍ കഴിയുക. എന്നാല്‍ എന്നെപ്പോലെ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്കൊക്കെ മദ്റസയിലെ നബിദിനങ്ങളായിരുന്നു ഏക പ്രതീക്ഷയും ആശ്വാസവും. പാടാനറിയില്ലെങ്കിലും എന്നെ പോലുള്ളവര്‍ക്കും അവിടെ പാടാം. കാണാപാഠം പഠിച്ചിട്ടാണേലും പ്രസംഗിക്കാം. എന്റെ ആദ്യത്തെ പ്രസംഗ കളരി മദ്റസ തന്നെയായിരുന്നു. നബിദിനത്തിന് മാത്രമല്ല, ആറിലും ഏഴിലുമൊക്കെ പഠിക്കുന്ന സമയത്ത് മുസ്തഫ മാഷ് ഇടക്ക് ഓരോ വിഷയം തന്ന് ക്ലാസില്‍ പ്രസംഗിക്കാന്‍ കുട്ടികളായ ഞങ്ങളോട് ആവശ്യപ്പെടും. അന്നും ഒരു സഭാ കമ്പവുമില്ലാതെ നിമിഷ നേരം കൊണ്ട് നബിയുടെയും സ്വഹാബികളുടെയും വാചകങ്ങളാക്കെ ക്വാട്ട് ചെയ്ത് പ്രസംഗിച്ച് കയ്യടി വാങ്ങിയത് ഓര്‍ക്കുന്നു.
ആയിടക്കാൻ തൊപ്പിയിട്ട ഒരു മാഷ് ഞങ്ങള്‍ക്ക് അധ്യാപകനായി വരുന്നത്. അയാള്‍ ഒരു ദിവസം ക്ലാസിലെന്തൊ സംസാരിക്കുന്നതിനിടിയില്‍ കൂട്ടുകാര്‍ ‘റജീന പ്രസംഗിക്കും’ എന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ പ്രസംഗിക്കാന്‍ പാടില്ല എന്ന് പറഞ്ഞ് നിരുല്‍സാഹപ്പെടുത്തിയതോര്‍ക്കുന്നു. രണ്ടര പതിറ്റാണ്ട് മുമ്പത്തെ കാര്യമാണ് ഞാനിവിടെ കുറിച്ചത്. അന്ന് പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതും പുറത്ത് ജോലിക്ക് പോകുന്നതും ഉള്‍പ്പെടെ എല്ലാം വലിയ വിലക്കുകളുള്ള ഒരു കാലമായിരുന്നു. ഫോട്ടൊ, ടൂറ്, സിനിമ, തുടങ്ങി പലതും മുസ്ലിമാണെങ്കില്‍ ഹറാമാണെന്ന് പറയുന്ന ഒരു കാലഘട്ടമായിരുന്നു അത്. അവിടെ നിന്നും പൊതു സമൂഹം ഒരു പാട് മുന്നേറി. മുസ്ലീം സമുദായവും.
അപ്പോഴും !!മുസ്ലീം പെണ്‍കുട്ടി സ്റ്റേജില്‍ വരാന്‍ പാടില്ല എന്ന് ഒരു മൊയ്ല്യാര് പറഞ്ഞാല്‍ അത്ഭുതപ്പെടാനൊന്നുമില്ല… നല്ല നെല്ലിക്കട്ട് മത്തി വെയ്ക്കാനറിയില്ലെങ്കില്‍ ഓളെ കുടുംബ ജീവിതം തകര്‍ന്നു എന്ന് പറയുന്ന…., പെണ്ണുക്കള്‍ ജോലിക്ക് പോകുന്ന വീടുകളില്‍ അടിവസ്ത്രങ്ങള്‍ വീടിന്റെ മുന്‍വശത്ത് തൂങ്ങി കിടക്കും എന്ന് പറയുന്ന… അവര്‍ കൊള്ളരുതാത്തവരാണെന്ന് പറയുന്ന… ആണിനെ പോലെ റോഡിലിറങ്ങി കയ്യും വീശി നടക്കാന്‍ ആരാണ് പെണ്ണിന് സ്വാതന്ത്ര്യം നല്‍കിയത് എന്ന് പറയുന്ന രണ്ട് പെണ്ണുങ്ങള്‍ തമ്മില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ ഹലാലും ആണും പെണ്ണും മല്‍സരിച്ചാല്‍ ഹറാമുമാണെന്ന് പറയുന്ന…. വത്തക്കയുടെ ചുവപ്പ് കാണിച്ച് ആകര്‍ഷിക്കുന്ന പോലെയാണ് പെണ്‍കുട്ടികള്‍ കഴുത്തിന്റെ കുറച്ച് ഭാഗം കാണിക്കുന്നതെന്ന് പറയുന്ന ഉസ്താദുമാരും മൊയ്ല്യാന്‍മാരും ഉള്ള അവരെ കേള്‍ക്കുന്ന… ഇത്തരം ഡയലോഗുകള്‍ക്ക് കയ്യടിക്കുന്നവര്‍ തന്നെയാണ് ഇതിനൊക്കെ വളവും പ്രോത്സാഹനവും… അത് കൊണ്ട് പ്രിയ സോദരിമാരെ നമുക്കുള്ള വഴികള്‍ നമ്മള്‍ വെട്ടിത്തെളിക്കുക: വിലക്കപ്പെട്ട സ്റ്റേജുകളില്‍ നാമെന്തിന് പോകണം…. ആയിരക്കണക്കിന് സ്റ്റേജുകള്‍ നമുക്കായ് കാത്ത് നില്‍ക്കുമ്പോള്‍ …