റാന്നി : കുണ്ടും കുഴിയും നിറഞ്ഞ് വൃന്ദാവനം-മുക്കുഴി, വൃന്ദാവനം-പുത്തൂർമുക്ക് റോഡുകള്‍. വൃന്ദാവനത്തുനിന്നുമാണ് രണ്ട് റോഡുകളും തുടങ്ങുന്നത്. വൃന്ദാവനം പുത്തൂർമുക്ക് റോഡ് കുമ്പളന്താനം-മണിയാർ റോഡ് വികസനത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഏറെ പ്രതീക്ഷയായിരുന്നു. എന്നാൽ അത് പിന്നീട് ചെറുകോൽപ്പുഴ-മണിയാർ ആക്കി മാറ്റി. പുത്തൂർമുക്ക് റോഡ് തെള്ളിയൂർ-വലിയകാവ് റോഡിലും ഉൾപ്പെടുത്തിയെങ്കിലും അതിന്റെ നടപടികളും മുന്നോട്ടുപോയില്ല. മുക്കുഴി റോഡിൽ സാക്രിപ്പടിയിലെ കോൺഗ്രസ് ബ്ലോക്ക് ഓഫീസിന് മുൻഭാഗമാണ് പൂർണമായി തകർന്നുകിടക്കുന്നത്.
ഓടയില്ലാത്തതിനാൽ സമീപ റോഡിൽനിന്നും വെള്ളം കുത്തിയൊഴുകി റോഡിലേക്ക് എത്തുന്നതാണ് പ്രധാന പ്രശ്നം. പുത്തൂർമുക്ക് റോഡും തകർന്നനിലയിലാണ്. രണ്ട് വർഷം മുമ്പ് അറ്റകുറ്റപ്പണികൾക്കായി ഫണ്ടനുവദിച്ചെങ്കിലും വലിയ കുഴികൾ നികത്താനുള്ള തുകമാത്രമാണുണ്ടായിരുന്നത്. മാസങ്ങൾക്കുള്ളിൽ വീണ്ടും റോഡ് നിറയെ കുഴികളായി. പഞ്ചായത്ത് ആസ്‌ഥാനത്തുകൂടി കടന്നുപോകുന്ന രണ്ട് റോഡുകളും ബി.എം.ആൻഡ് ബി.സി. രീതിയിൽ ടാറിങ് നടത്തി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.