തിരുവനന്തപുരം: തന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് അനുഗ്രഹമായെന്ന് വി.എസ്.ശിവകുമാര്‍ എംഎൽഎ. തന്റെ ആസ്തികള്‍ മാത്രമല്ല ബാധ്യതകളും വിജിലന്‍സിന് ബോധ്യപ്പെട്ടു. മോദി രാഷ്ട്രീയ എതിരാളികളോട് ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തില്‍ ചെയ്യുന്നു. റെയ്ഡ് വിഫലമായത് രാഷ്ട്രീയമായി അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയെന്നും ശിവകുമാര്‍ പ്രതികരിച്ചു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായി മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എംഎല്‍എ. ഇന്നലെ നടന്ന വിജിലന്‍സ് റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല. മണിക്കൂറുകളോളം അവര്‍ സ്റ്റേറ്റ്മെന്‍റ് എഴുതിപ്പൂര്‍ത്തിയാക്കുകയായിരുന്നു. ഈ കേസ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അഴിമതിയുടെ മുഖഛായയുള്ള സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് വിജിലന്‍സ് കേസുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തേജോവധം ചെയ്യാനാണ് ശ്രമം. അനോണിമസ് പെറ്റിഷന്‍ ആണ്. അത്തരം പെറ്റിഷനുകള്‍ അന്വേഷിക്കരുതെന്നാണ്. എന്നിട്ടും വീണ്ടും കേസെടുത്ത് അന്വേഷണം നടത്തുന്നു. ആരാണ് പരാതി നല്‍കിയതെന്ന് വിജിലന്‍സുകാരോട് ചോദിച്ചപ്പോള്‍ ഒരു വ്യക്തിയാണെന്നും അയാളുടെ വഴുതക്കാടുള്ള അഡ്രസില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു വ്യക്തിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് വിജിലന്‍സ് പറഞ്ഞത്. എനിക്ക് ഒരു താല്‍ക്കാലിക ഡ്രൈവറുണ്ടായിരുന്നു. അയാള്‍ വീടുവെച്ചപ്പോള്‍ കുറച്ച് പണം ഭാര്യ സഹായിച്ചിരുന്നു. ഒരു 20 ലക്ഷം. അത് രേഖയില്‍ കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരെ ബിനാമിയാക്കി ചേര്‍ത്ത് കൊണ്ടാണ് കേസെടുത്തിരിക്കുന്നതെന്നും ശിവകുമാര്‍ ആരോപിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇന്നലെ ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് പതിനാല് മണിക്കൂറോളമാണ് റെയ്ഡ് നടത്തിയത്. ശിവകുമാറിന്റെ നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. കൂട്ട് പ്രതികളുടെയും വീടുകളിലും റെയ്ഡ് നടന്നു. ആരോഗ്യം, ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരിൽ വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്നാണ് കേസിലാണ് റെയ്ഡ്. വിഎസ് ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിൽ രാവിലെ എട്ടരമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.
ശിവകുമാറിനോടൊപ്പം പ്രതിപട്ടികയിൽ ഉള്ള ഡ്രൈവർ ഷൈജു ഹരൻ, എൻ.എസ്.ഹരികുമാർ, എം.എസ്.രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തി. പ്രതികൾ തമ്മിലുള്ള ഇടപാടുകളും, ഇവരുടെ ബാങ്ക് ലോക്കർ രേഖകളും കണ്ടെത്താനായിരുന്നു പരിശോധന. ശിവകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു. രാത്രി പത്തരയോടെയാണ് ശിവകുമാറിന്റെ വീട്ടിലെ പരിശോധന അവസാനിച്ചത്. പിടിച്ചെടുക്കുന്ന രേഖകൾ വിശദമായി പരിശോധിക്കും.തിങ്കളാഴ്ച്ച ഈ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കും.