പത്തനംതിട്ട : സ്വര്‍ണ്ണക്കടത്തുകാരും മയക്കുമരുന്ന് മാഫിയകളും നിയന്ത്രിക്കുന്ന അധോലോക സംഘമാണ് സംസ്ഥാന ഭരണം നിയന്ത്രിക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.റ്റി ബല്‍റാം പറഞ്ഞു. കറന്‍സി, സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ സ്വപ്നാ സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ കോണ്‍സുലേറ്റില്‍ ബിരിയാണി ചെമ്പില്‍ ലോഹക്കടത്തും നയതന്ത്ര പാഴ്സലിലൂടെ കറന്‍സി കടത്തും നടത്തിയ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സംശയത്തിന്‍റെ നിഴലില്‍ തന്നെയാണെന്നും ധാര്‍മ്മികതയുടെ ഒരു അംശമെങ്കിലും ഉണ്ടെങ്കില്‍ എത്രയും വേഗം മുഖ്യമന്ത്രിപദം രാജിവെച്ച് ഒഴിയുവാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കള്ളക്കടുത്തുകേസില്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ലാവ്ലിന്‍ കേസില്‍ എന്നതുപോലെ ബി.ജെ.പി യുമായുള്ള ഒത്തുകളികള്‍മൂലം നിലച്ചിരിക്കുന്നതിന് ബിജെ.പി. നേതൃത്വം ഉത്തരം പറയണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ആരോപണം ഉന്നയിക്കുന്നവരെ ഏകാധിപത്യശൈലിയില്‍ നേരിട്ട് ഭരണകൂട ഭീകരത സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നത് കേരളത്തില്‍ വിലപ്പോവില്ലെന്ന് വി.റ്റി. ബല്‍റാം പറഞ്ഞു.
മുഖ്യമന്ത്രിയും സി.പി.എം പാര്‍ട്ടിയും എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും ബിരിയാണിച്ചെമ്പിലെ ലോഹ രഹസ്യങ്ങള്‍ പുറത്തുവരുമെന്നും നിയമ നടപടിക്ക് വിധേയനാകുന്ന കാലം വിദൂരമല്ലെന്നും വി.റ്റി ബല്‍റാം പറഞ്ഞു. മുഖ്യമന്ത്രി രാജിവെയ്ക്കുന്നതുവരെ കോണ്‍ഗ്രസും യു.ഡി.എഫും ആരംഭിച്ചിരിക്കുന്ന സമരം ശക്തമായി തുടരുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ കെ.ശിവദാസന്‍ നായര്‍, പി. മോഹര്‍രാജ്, ബാബു ജോര്‍ജ്ജ്, കെ.പി.സി.സി നിര്‍വ്വാഹകസമതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, കെ.പി.സി.സി സെക്രട്ടറി എന്‍. ഷൈലാജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, ജി. രഘുനാഥ്, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ടി.കെ സാജു, മാത്യു കുളത്തിങ്കല്‍, റജി തോമസ്, തോപ്പില്‍ ഗോപകുമാര്‍, എസ്. ബിനു, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, റോജിപോള്‍ ഡാനിയേല്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കുഞ്ഞൂഞ്ഞമ്മ ജോസഫ്, സതീഷ് ചാത്തങ്കേരി, വിനീത അനില്‍, എലിസബത്ത് അബു, റോഷന്‍ നായര്‍, എംവി. ഫിലിപ്പ്, സതീഷ് പണിക്കര്‍, ബിജു വര്‍ഗ്ഗീസ്, അബ്ദുള്‍കലാം ആസാദ്, നഹാസ് പത്തനംതിട്ട എന്നിവര്‍ പ്രസംഗിച്ചു.