തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൂജപ്പുര വാര്‍ഡില്‍ മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുകൊണ്ട്.
ഒരേ സമയം രണ്ട് വെവ്വേറെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന വിവരം മറച്ചു വെച്ചാണ് വി.വി രാജേഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ നവംബര്‍ 10 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെയും വോട്ടര്‍പട്ടികയില്‍ ബിജെപി ജില്ലാ പ്രസിഡന്റിന്റെ പേരുണ്ട്.
ഇത് സ്വാഭാവികമായി സംഭവിച്ച പിഴവല്ലെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ കുടുംബ വീടിന്റെ വിലാസത്തിലുള്ള വോട്ടര്‍ പട്ടികയിലാണ് വി വി രാജേഷ് നാമനിര്‍ദ്ദേശം സമര്‍പ്പിച്ചതും വോട്ടു രേഖപ്പെടുത്തിയതും. രാജേഷിന്റെ നെടുമങ്ങാട്ടുള്ള മായ എന്ന കുടുംബവീടിന്റെ വിലാസത്തില്‍ മുനിസിപ്പാലിറ്റിയിലെ 16-ാം വാര്‍ഡായ കുറളിയോട് വോട്ടര്‍പട്ടികയിലെ ഒന്നാം ഭാഗത്തില്‍ ക്രമ നമ്പര്‍ 72 ആയി വേലായുധന്‍ നായര്‍ മകന്‍ രാജേഷ് (42 വയസ്) എന്ന് ചേര്‍ത്തിട്ടുണ്ട്.
അതേസമയം പൂജപ്പുര വാര്‍ഡില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശം സമര്‍പ്പിച്ചതില്‍ കോര്‍പ്പറേഷനിലെ 82-ാം നമ്പര്‍ വാര്‍ഡായ വഞ്ചിയൂരിലെ എട്ട് ഭാഗങ്ങളുള്ള വോട്ടര്‍പട്ടികയില്‍ മൂന്നാം ഭാഗത്തില്‍ രാജേഷ് എന്ന വിലാസത്തില്‍ 1042-ാം ക്രമ നമ്പരായി വേലായുധന്‍ നായര്‍ മകന്‍ വി വി രാജേഷ് എന്നതാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടിടത്തും വ്യത്യസ്ത തിരിച്ചറിയല്‍ രേഖകളിലാണ് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്.