കോഴിക്കോട് : വ്യാപാരികളുടെ നാളെ മുതലുള്ള കടതുറക്കല്‍ സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് റ്റി. നസിറുദ്ദീനെ ഫോണില്‍ വിളിച്ച് സമരം മാറ്റിവെക്കണമെന്നും ഡല്‍ഹിയില്‍ നിന്നും തിരികെയെത്തിക്കഴിഞ്ഞ് വെള്ളിയാഴ്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് സമര രംഗത്തുനിന്നും വ്യാപാരി സംഘടനകള്‍ പിന്‍മാറിയത്. ഇടതുപക്ഷ സംഘടനയായ കേരളാ വ്യാപാരി വ്യവസായി സമിതിയും കടതുറക്കല്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞ ഒന്നരവര്‍ഷമായി കടകള്‍ അടച്ചിട്ടിരിക്കുകയാണ്. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്. കള്ളുഷാപ്പുകളും മദ്യക്കടകളും തുറക്കുവാന്‍ സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വ്യാപാരമേഖലയെ തകര്‍ക്കുവാനുള്ള ലക്ഷ്യത്തോടെ ചില ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിക്ക് തെറ്റായ ഉപദേശം നല്‍കിയതെന്നാണ് വ്യാപാരികളുടെ ആരോപണം.
വ്യാപാരികളുടെ കടതുറക്കല്‍ സമരത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്. സംഘടനാ വ്യത്യാസമില്ലാതെ മുഴുവന്‍ വ്യാപാരികളും ഒറ്റക്കെട്ടായി ഇക്കാര്യത്തില്‍ അണിനിരന്നു. പ്രതിപക്ഷം സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. തുറക്കുന്ന കടക്കെതിരെ പോലീസ് നടപടി ഉണ്ടായാല്‍ തങ്ങള്‍ കൂടെയുണ്ടാകും എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.