കാസര്‍കോട്: കോവിഡ് കാലത്ത് ജില്ലയില്‍ നടപ്പിലാക്കിയ വിവിധ നിയന്ത്രണങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് ചര്‍ച്ച നടത്തി പരിഹരിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഓഗസ്റ്റ് മൂന്നിന് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ 11.30 വരെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി സംസാരിക്കും.
ഈ ചര്‍ച്ചയില്‍ അന്തര്‍സംസ്ഥാന ചരക്കുനീക്കം, മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്കും കാസര്‍കോട് നിന്നും മംഗളൂരുവിലേക്കും ദിവസേന യാത്ര ചെയ്യുന്ന വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു അറിയിച്ചു.
കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തുടര്‍ന്ന് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ മുതല്‍ നാലുമണി വരെ ജില്ലയിലെ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജന പ്രതിനിധികള്‍ മുന്‍സിപ്പല്‍ ജന പ്രതിനിധികള്‍ എന്നിവരുമായി റവന്യൂ വകുപ്പ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തും.