പന്തളം : വയറപ്പുഴ പാലം യാഥാർഥ്യമാകാനുള്ള ഒരു കടമ്പകൂടി കടന്നു. കരാറുകാരൻ ടെൻഡറിൽ കാണിച്ച അധികത്തുക വേണമെന്ന ആവശ്യത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതാണ് വീണ്ടും പ്രതീക്ഷയ്ക്ക് വകനൽകുന്നത്. അധികത്തുക വേണമെന്ന പൊതുമരാമത്തു വകുപ്പിന്റെ അനുകൂലനിലപാടിന് പിന്നാലെയാണ് മന്ത്രിസഭയുടെ അംഗീകാരം ബുധനാഴ്ച ലഭിച്ചത്. പന്തളം വയറപ്പുഴ പാലം താമസിയാതെ ടെൻഡർ നടപടിയിലേക്ക് കടക്കും. 9.38-കോടി രൂപയാണ് പദ്ധതിത്തുക. 22.8-ശതമാനം അധികത്തുക നൽകണമെന്നായിരുന്നു കരാറുകാരന്റെ ആവശ്യം. ഇതുസംബന്ധിച്ച് നവംബർ എട്ടിന് ചീഫ് എൻജിനീയർക്ക് നൽകിയ സർക്കാർ നിർദേശത്തിൽ രൂപരേഖ പൂർണമായും പുനഃപരിശോധന നടത്തിയശേഷം ടെൻഡറെടുത്ത കരാറുകാരനുമായി ചർച്ചനടത്തണമെന്നും ഉയർന്നനിരക്കുള്ള നിർമാണ സാമഗ്രികളുടെ വിലകുറച്ച് ടെൻഡർ അംഗീകരിക്കാവുന്ന നിലയിലെത്തിച്ചശേഷം ടെൻഡർ ഉറപ്പിക്കാൻ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം വ്യക്തവും വിശദവുമായ ന്യായീകരണം നൽകണമെന്നുമായിരുന്നു കാണിച്ചിരുന്നത്. ഭരണാനുമതി ലഭിച്ച രൂപരേഖപ്രകാരമുള്ള പ്രവൃത്തികളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ സർക്കാരിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്നും നിർദേശമുണ്ടായിരുന്നു.
നിർദേശം ലഭിച്ചു രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ മരാമത്തുവകുപ്പ് (പാലങ്ങൾ) മറുപടി നൽകി. കരാറുകാരനുമായി ചർച്ചനടത്തിയെങ്കിലും തുക കുറയ്ക്കാൻ തയ്യാറായില്ല. നേരത്തേ മൂന്ന് തവണ ടെൻഡർ ചെയ്തപ്പോൾ രണ്ടുതവണ ആരും പങ്കെടുത്തില്ല. പുതിയൊരാൾ ടെൻഡറെടുക്കാനുള്ള സാധ്യതയും കുറവാണ്. 2018-ൽ തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് 9.38 കോടി രൂപ അനുവദിച്ചിരുന്നത്. സിമന്റിനും കമ്പിക്കും ഉൾപ്പെടെ പണിസാധനങ്ങൾക്ക് വില ഗണ്യമായി വർധിച്ചു. രൂപരേഖയും സാധനസാമഗ്രികളുടെ ഇപ്പോഴത്തെ വിലയും വിശദമായി പരിശോധിച്ചു. കരാറുകാരന്റെ ആവശ്യം ന്യായമെന്ന് ബോധ്യപ്പെട്ടതായും മറുപടിയിൽ കാണിച്ചിരുന്നു. പന്തളം നഗരസഭയിലെ മുളമ്പുഴ കരയെയും കുളനട പഞ്ചായത്തിലെ ഞെട്ടൂർ ഭാഗത്തേയും ബന്ധിപ്പിച്ചാണ് പാലം പണിയുവാൻ പദ്ധതിയുള്ളത്.