വൈത്തിരി : വെള്ളം ചേര്‍ന്ന പെട്രോള്‍ വാഹനങ്ങളില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. ഇതിനെത്തുടര്‍ന്ന് പമ്പ് അടപ്പിച്ചു. ചുണ്ടേല്‍ അങ്ങാടിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് പമ്പില്‍നിന്ന് അടിച്ച പെട്രോളില്‍ വെള്ളത്തിെന്റെ അംശം കണ്ടെത്തിയതായി പരാതി. പലരുടെയും വാഹനം വഴിയില്‍ നിലച്ചു. പെട്രോളടിച്ച വാഹനമുടമകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പമ്പ് അടച്ചു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വൈത്തിരി പോലീസ് ലീഗല്‍ മെട്രോളജി വകുപ്പിനെയും താലൂക്ക് സപ്ലൈ ഓഫിസറെയും ബന്ധപ്പെട്ടെങ്കിലും അവരുടെ പരിധിയില്‍ വരാത്തതിനാല്‍ പിന്നീട് എച്ച്.പി കമ്പിനി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. പെട്രോളിന്റെ സാമ്പിള്‍ പരിശോധിച്ച് ഉറപ്പു വരുത്തുന്നതുവരെ പമ്പ് അടച്ചിടാന്‍ നിര്‍ദേശം നല്കി. ഉപഭോക്താക്കളില്‍ പലരും നഷ്ടപരിഹാരത്തിന് കമ്പിനിയില്‍ പരാതി നല്‍കിയിട്ടുണ്ട്.