പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ജീവനക്കാർക്ക് ശമ്പളം നൽകാതിരുന്ന നടപടി പ്രതിഷേധാർഹമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി. ഇടതു സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ മൂലം വർഷങ്ങളായി ലീവ് സറണ്ടർ നിഷേധിക്കപ്പെട്ടും ക്ഷാമബത്ത കുടിശ്ശിക ഇല്ലാതെയും ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടും ജോലി ചെയ്യുന്ന ജീവനക്കാരന് മാസം ലഭിക്കേണ്ട ശമ്പളം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി വർധിച്ചു വരുന്ന വിലക്കയറ്റത്തിലും ഒരു രൂപയുടെ പോലും ശമ്പള വർദ്ധനവില്ലാതെ കേരളത്തിലെ സർക്കാർ ജീവനക്കാർ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ജീവനക്കാരുടെ ശമ്പളം നിഷേധിച്ച നടപടി അംഗീകരിക്കാനാവില്ല.
ശമ്പളം ലഭിക്കാത്തത് മൂലം മക്കളുടെ വിദ്യാഭ്യാസ ചിലവുകൾ, വീട്ട് വാടക, ഹൗസിംഗ് ലോൺ ഉൾപ്പെടെയുള്ളവ അടയ്ക്കാനാവാത്ത അവസ്ഥയാണ്. ജോലിഭാരവും മാനസിക സമ്മർദ്ദങ്ങളും വലിയ രീതിയിൽ അനുഭവിക്കുന്ന പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ മേലുള്ള ഇരട്ട പ്രഹരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഈ നടപടി. സഹകരണ ബാങ്കുകൾ തകര്‍ച്ചയിലായിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ പഞ്ചായത്തിന്റെ ഫണ്ട് സഹകരണ ബാങ്കിൽ നിന്നും മാറ്റി പൊതുമേഖല ബാങ്കിൽ ആക്കണമെന്നും ജീവനക്കാർക്ക് അർഹമായ വേതനം കൃത്യസമയത്ത് നൽകുന്ന നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇനിയും ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ടു പോയാൽ പ്രത്യക്ഷ സമര മാർഗ്ഗത്തിലേക്ക് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പോകുമെന്ന് എസ് ഇ.യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹാഷിം എ.ആർ, ജില്ലാ സെക്രട്ടറി അജി എ .എം എന്നിവർ അറിയിച്ചു.