കൊച്ചി : വാളയാർ കേസ് അന്വേഷണത്തിൽ പോലീസിന് തുടക്കത്തിൽ വീഴ്ച പറ്റിയെന്ന് എസ് പി ശിവവിക്രം. വാളയാർ ജുഡീഷ്യൽ കമ്മീഷന് മുമ്പാകെയാണ് എസ് പി ശിവവിക്രം മൊഴി നൽകിയത്. ആദ്യം കേസ് അന്വേഷിച്ച എസ് ഐക്ക് പിഴവ് സംഭവിച്ചു. തെളിവ് ശേഖരണത്തിലും അറസ്റ്റ് നടപടികളിലുമാണ് വീഴ്ച ഉണ്ടായത്. എന്നാൽ പിന്നീട് കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിഴവ് പറ്റിയിട്ടില്ലെന്നും എസ് പി ശിവവിക്രം മൊഴി നല്‍കി.
കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെൺകുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് ഒക്ടോബർ 25-ന് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് തെളിയിക്കുന്നതിൽ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം കേസിൽ അഞ്ച് പ്രതികൾ ഉണ്ടായിരുന്നു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ട് പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.