പാലക്കാട്: വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെ കേസില്‍ ഹാജരായിരുന്ന മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. കേസില്‍ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടര്‍മാരാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെയാണ് ജലജ രംഗത്തെത്തിയത്.
വാളയാര്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് എന്തിനാണെന്ന് അറിയില്ലെന്ന് ജലജ മാധവന്‍ പറഞ്ഞു. കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ആഭ്യന്തര വകുപ്പില്‍ നിന്നുള്ള ഒരു ഉത്തരവ് പ്രകാരമാണ് മാറ്റിയത്. ഉത്തരവില്‍ മാറ്റുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. പ്രോസിക്യൂട്ടര്‍മാരുടെ പിഴവ് കാരണം കേസില്‍ പരാജയപ്പെട്ടു എന്ന് വീണ്ടും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരിക്കുന്നു. ആ സാഹചര്യത്തില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം അറിയണം. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് കാരണം പറയാതെയാണ് ഇടത് അനുകൂല സംഘടനാ ചുമതല വഹിച്ചിരുന്ന എന്നെ മാറ്റിയത്. ഒന്നുകില്‍ ആഭ്യന്തര വകുപ്പില്‍ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ല. അദ്ദേഹം അറിഞ്ഞുകൊണ്ടാണ് എല്ലാം നടക്കുന്നതെങ്കില്‍ എന്തിനാണ് എന്നെ മാറ്റിയതെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും ജലജ മാധവന്‍ പറഞ്ഞു. ആവശ്യമില്ലാത്ത കാര്യത്തിന് പഴികേള്‍ക്കേണ്ടിവന്നതായും രണ്ട് സ്ത്രീകളെയാണ് മുഖ്യമന്ത്രി ബലിയാടാക്കുന്നതെന്നും എന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.
കേസില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ജലജ മാധവന്‍ പറഞ്ഞു. ആദ്യം പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ലത ജയരാജിനെ മാറ്റിയാണ് എന്നെ നിയമിച്ചത്. മൂന്നുമാസത്തിന് ശേഷം ഒരു കാരണവുമില്ലാതെ എന്നെ മാറ്റുകയും വീണ്ടും ലത ജയരാജിനെ നിയമിക്കുകയും ചെയ്തു. രണ്ട് ഒഫീഷ്യല്‍ വിറ്റ്‌നസുകളെ എക്‌സാം ചെയ്തു കഴിഞ്ഞ് അതിന്റെ ഹിയറിങ് തുടങ്ങുന്നതിന് മുന്നേ അവര്‍ എന്നെ മാറ്റി. കേസിലെ മൂന്നാം പ്രതിയായ പ്രദീപിനുവേണ്ടി ഹാജരായത് സിഡബ്ല്യുസി ചെയര്‍മാനായ അഡ്വ.എന്‍. രാജേഷായിരുന്നു. സംഭവം വിവാദമായതോടെ സാമൂഹിക നീതി വകുപ്പില്‍ നിന്നും അന്വേഷണം നടത്തി. രാജേഷ് കേസില്‍ ഹാജരായോ എന്നത് സംബന്ധിച്ച് തന്റെ മൊഴിയെടുത്തിരുന്നതായും അതിന് ശേഷമാണ് തന്നെ കാരണംകൂടാതെ നീക്കിയതെന്നും ജലജ പറഞ്ഞു.
അന്വേഷണ സംഘം സഹകരിക്കാതിരുന്നതും കേസ് അട്ടിമറിച്ചതും മൂലമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കൊലപാതക സാധ്യത സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സോജന്‍ അത് എഴുതിയില്ല. ഇളയകുട്ടിയുടെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വടി ഉപയോഗിച്ചാണ് ഇളയകുട്ടി കയര്‍ കെട്ടിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
കേസില്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ടായില്ല. മൂന്നുമാസത്തിനിടെ പലപ്പോഴും സോജന്‍ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേത്തുടര്‍ന്ന് ജഡ്ജിയും അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ പിഴവാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്നും ജലജ മാധവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലും ജലജ മാധവന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇനി കേസ് നടത്തിയാലും പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് വാളയാര്‍ കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. ആത്മഹത്യ എന്നരീതിയിലാണ് പുനരന്വേഷണത്തിന് ഉത്തരവിടുന്നതെങ്കില്‍ പ്രതികള്‍ രക്ഷപ്പെടും. അതേസമയം കൊലപാതകമാണെന്ന തരത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണമാണ് വേണ്ടത്. കേസ് അത്രയ്ക്ക് ദുര്‍ബ്ബലമാണ്. ആര് നടത്തിയാലും തോല്‍ക്കും. ശാസ്ത്രീയ സാങ്കേതിക തെളിവുകള്‍ ഇല്ല. സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത്. ഇതുവച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.