കൊച്ചി: വാളയാറില്‍ 13ഉം ഒന്‍പതും വയസുളള പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ വീഴ്‌ചപറ്റിയെന്ന് സമ്മതിച്ച് സര്‍ക്കാര്‍. പ്രതികളെ വെറുതെവിട്ട പാലക്കാട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌ത് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സര്‍ക്കാര്‍ ഇക്കാര്യം സമ്മതിച്ചത്. കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്‌ചയുണ്ടായി. സെഷന്‍സ് കോടതി വിധി റദ്ദാക്കി പുനര്‍ വിചാരണ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറോളം കേസുകളില്‍ നാല് പ്രതികള്‍ക്ക് പാലക്കാട് സെഷന്‍സ് കോടതി(പോക്‌സോ കോടതി) ജാമ്യം നല്‍കിയത്. 2019 ഒക്‌ടോബറിലാണ് പ്രതികളെ വെറുതെവിട്ടത്. ഇതിനെതിരെ കുട്ടികളുടെ അമ്മയും സര്‍ക്കാരും അപ്പീല്‍ നല്‍കി. തുടര്‍ന്ന് അപ്പീല്‍ അടിയന്തിരമായി പരിഗണിക്കമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നവംബറില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇത് ഇന്ന് പരിഗണിച്ചു. ഇനി നവംബര്‍ 9ന് കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.