പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണ പരിശോധനയ്ക്ക് സിബിഐ അപേക്ഷ നല്‍കി. പാലക്കാട് പോക്‌സോ കോടതിയിലാണ് സിബിഐ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചത്. പ്രതികളായ വി മധു, എം മധു, ഷിബു, പ്രായപൂര്‍ത്തിയാവാത്ത ഒരാളുടെയും നുണ പരിശോധന നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പിന്നീട് വാദം കേള്‍ക്കാനായി കോടതി മാറ്റി.
വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍2017 ജനുവരി 7 നാണ് 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം 2017 മാര്‍ച്ച് 4 ന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു.