വാളയാര്‍ : ചെല്ലങ്കാവ് ആദിവാസി ഊരില്‍ കന്നാസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതു വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മെഥനോള്‍ (മീഥൈല്‍ ആല്‍ക്കഹോള്‍) അടങ്ങിയ സ്പിരിറ്റാണെന്ന് എക്സൈസിനു ലഭിച്ച ലാബ് റിപ്പോര്‍ട്ടില്‍ വിവരം. ഇന്നലെ ലഭിച്ച പരിശോധനാ ഫലത്തില്‍ 97.5 ശതമാനമാണു സ്പിരിറ്റിന്റെ അംശം.
ബാക്കി ജലമോ ശീതളപാനീയമോ കലര്‍ത്തിയതാ കാമെന്നാണു സംശയം. 35 ലീറ്ററിന്റെ കന്നാസില്‍ 13 ലീറ്റര്‍ സ്പിരിറ്റാണ് ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള എറണാകുളത്തെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധയുടെ ഫലമാണിത്. സാംപിളുകള്‍ ആഭ്യന്തരവകുപ്പിന്റെ കെമിക്കല്‍ ലാബിലേക്കും അയച്ചിട്ടുണ്ട്.
മരിച്ചവരുടെ ശരീരത്തില്‍നിന്നു ലഭിച്ച ദ്രാവകവും കന്നാസിലേതും ഒന്നാണോ എന്നറിയാനുള്ള പരിശോധനയും നടത്തേണ്ടതുണ്ട്. അന്വേഷണനടപടി വേഗത്തിലാക്കുന്നതിന്റ ഭാഗമായാണു സ്വകാര്യ ലാബില്‍ പരിശോധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.മെഥനോള്‍ അടങ്ങിയ സ്പിരിറ്റ് കൂടുതല്‍ ഉപയോഗിക്കുന്നതു തിന്നര്‍, പെയിന്റ്, വാര്‍ണിഷ്, ടര്‍പന്റൈന്‍ എന്നിവയുടെ നിര്‍മാണത്തിനാണ്. ഇത്തരം കമ്ബനികള്‍ കോയമ്ബത്തൂര്‍, കഞ്ചിക്കോട് വ്യവസായ മേഖലയിലുണ്ട്.
മീഥൈല്‍ ആല്‍ക്കഹോള്‍ അഥവാ മെഥനോള്‍ (CH3OH) വ്യവസായ ആവശ്യത്തിനു മാത്രമുള്ള സ്പിരിറ്റാണ്. ഇതു 30 മില്ലിലീറ്റര്‍ കഴിച്ചാല്‍ മരിക്കും. 10 മില്ലി ലീറ്റര്‍ കഴിച്ചാല്‍ ആന്തരാവയവങ്ങള്‍ വെന്തുരുകും. 15 മില്ലി ലീറ്റര്‍ കഴിച്ചാല്‍ കാഴ്ച നഷ്ടമാകും. ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിനാണ് ഇതിന്റെ നിര്‍മാണ വിതരണ ചുമതല. മരത്തിന്റെ പശയുള്‍പ്പെടെ ഉപയോഗിച്ചാണ് ഇതു നിര്‍മിക്കുന്നത്.
ഈഥൈല്‍ ആല്‍ക്കഹോള്‍ അഥവാ എഥനോള്‍ (CH3CH2OH) ആണു കുടിക്കുന്ന മദ്യത്തില്‍ അടങ്ങിയത്. എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ എന്നാണ് ഈ സ്പിരിറ്റ് അറിയപ്പെടുന്നത്. കരിമ്ബില്‍നിന്നാണു നിര്‍മാണം. എക്സൈസ് വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇതിന്റെ നിര്‍മാണവും വിപണനവും. നിര്‍മാണഘട്ടത്തിലും മറ്റും 2 സ്പിരിറ്റിനും ഒരേ നിറവും മണവുമാണ്. മദ്യദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പിന്നീട് മെഥനോള്‍ നിര്‍മിക്കുമ്ബോള്‍ നീലനിറം നല്‍കി തുടങ്ങി.