പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി തേടി മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്ന് അവസാനിക്കും. കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്‌സോ കോടതി വിധി വന്ന് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസം മുതല്‍ ഒരാഴ്ചയാണ് ‘വിധി ദിനം മുതല്‍ ചതിദിനം’ വരെ എന്ന പേരില്‍ സമരം നടന്നത്.
മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടതിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമരം അവസാനിപ്പിക്കുന്നത്. വിവിധ രാഷ്ട്രീയ നേതാക്കള്‍ സമരവേദിയിലെത്തി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചിരുന്നു. ഇന്ന് കെ മുരളീധരന്‍ എം പി, ആര്‍ എല്‍ വി രാമകൃഷ്ണന്‍, ബി ജെ പി നേതാവ് പി.കെ.കൃഷ്ണദാസ് എന്നിവര്‍ സമരപ്പന്തലിലെത്തും. കോടതി മേല്‍നോട്ടത്തിലുളള പുനരന്വേഷണമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. നീതി ലഭിച്ചില്ലെങ്കില്‍ മരണം വരെ സത്യാഗ്രഹം തുടരുമെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.