കോയമ്പത്തൂർ: സ്വകാര്യ കോളേജ് ഹോസ്റ്റലിന്റെ മതിൽ തകർന്ന് വീണ് അഞ്ചു പേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ സുഗുണപുരത്താണ് സംഭവം. മരണപ്പെട്ടവരെല്ലാം തൊഴിലാളികളാണ്. പഴയ മതിലിനോട് ചേർന്ന് പുതിയ ഭിത്തി കെട്ടുന്നതിന് മുമ്പ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തൊഴിലാളികളുടെ മുകളിലേക്ക് മതിൽ വീഴുകയായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളായ കൊല്ലി ജഗനാഥൻ (35), റബക്ക കണ്ണയ്യ (49), നഗീല സത്യം (37), പശ്ചിമ ബംഗാൾ സ്വദേശി എസ് പിഷ്‌കോഷ് (20) എന്നിവരാണ് മരണപ്പെട്ടത്.
പരിക്കേറ്റ തൊഴിലാളി ബി പരുൺ ഖോഷിനെ (28) കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം, അപകടത്തിന് ഉത്തരവാദികൾ കരാറുകാർ മാത്രമാണെന്ന് കോളേജ് ട്രസ്റ്റികൾ പറഞ്ഞതായി കോയമ്പത്തൂർ മേയർ എ കൽപ്പന വ്യക്തമാക്കി. അനുമതിയില്ലാതെയാണ് മതിൽ കെട്ടുന്നതെന്ന് കണ്ടെത്തിയാൽ കോളേജിനെതിരെ നടപടിയെടുക്കുമെന്നും കൽപ്പന കൂട്ടിച്ചേർത്തു.