ചെറുതന : ആയാപറമ്പ് സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ സത്രത്തിൽ അതിക്രമിച്ചു കയറി മതിൽ പൊളിച്ചു. കെട്ടിടത്തിനു വ്യാപകനാശനഷ്ടമുണ്ടാക്കുകയും കുടിവെള്ള പൈപ്പുകളും വൈദ്യുതോപകരണങ്ങളും തല്ലിത്തകർക്കുകയും ചെയ്തു. കെട്ടിടത്തിന്റെ വാതിലും ജനൽഗ്ലാസുകളും പൊട്ടിച്ചിട്ടുണ്ട്. ചെറുതന ഗ്രാമപ്പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ സത്രത്തിലാണ് കഴിഞ്ഞദിവസം അതിക്രമിച്ചുകയറി നാശമുണ്ടാക്കിയത്. 2021-22 വർഷം 6.25 കോടി രൂപ ചെലവിൽ പണികഴിപ്പിച്ച കെട്ടിടമാണ്. പ്രകൃതി ദുരന്തങ്ങളിൽപ്പെടുന്നവർക്ക് അഭയം നൽകുന്നതിനായി ജില്ലയിൽ തുറന്ന രണ്ടാമത്തെ സത്രമാണിത്. ബുധനാഴ്ച സ്കൂൾ അവധിദിവസമായിരുന്നു. അന്നായിരിക്കും അക്രമികൾ കെട്ടിടത്തിൽക്കയറി നാശമുണ്ടാക്കിയതെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.
കെട്ടിടത്തിന്റെ പുറകുവശത്തെ മതിൽ പൂർണമായും തകർത്തു. ഷട്ടറുള്ള കെട്ടിടമായതിനാൽ ജനൽ ഗ്ലാസുകൾ പൊട്ടിച്ചാണ് അകത്തു കയറിയിരിക്കുന്നത്. കുടിവെള്ള പൈപ്പുകളെല്ലാം ഒടിച്ചിട്ട നിലയിലാണ്. പൊതുജനങ്ങൾക്ക് കിടക്കുന്നതിനുള്ള കിടക്കകൾ വാരിവലിച്ചിട്ട നിലയിലാണ്. കെട്ടിടത്തിനുള്ളിലെ പെഡസ്റ്റൽ ഫാൻ സ്കൂൾ വളപ്പിലെ മാവിൽ കെട്ടിത്തൂക്കി. ബാക്കിയുള്ളവ സമീപത്തെ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ നിലയിലാണ്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടക്കുന്നതായി അധികൃതർ അറിയിച്ചു. ചെറുതന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എബിമാത്യു കളക്ടറെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. വീയപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.